
Image: facebook.com|Coronavirus-Latest
ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. യുഎസും ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പലരുടെയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ പൗരന്മാരെ ജനുവരി മുപ്പതിന് വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. എന്നാല്‍ ഭാര്യ ചൈനീസ് സ്വദേശിയായതിനാല്‍ അവരെ തന്റെ കൂടെ കൊണ്ടുപോകാന്‍ കഴിയാതെ നിസ്സഹയാനാണ് ജെഫ് സിഡില്‍ എന്ന ബ്രിട്ടീഷ് അധ്യാപകന്. ചൈനീസ് സ്വദേശികള്‍ രാജ്യംവിടരുതെന്ന ചൈനയുടെ നിര്‍ദേശമാണ് ജെഫ് സിഡിലിന് വിനയായിരിക്കുന്നത്.
ജെഫിന്റെ ഭാര്യ സിന്‍ഡി ചൈനീസ് സ്വദേശിയാണെങ്കിലും അവര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസ വിസയുണ്ട്. അതിനാല്‍ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതുവയസ്സുള്ള മകളെ കൂടെകൂട്ടാന്‍ അനുമതി ലഭിച്ചെങ്കിലും ഭാര്യയെ രാജ്യംവിടാന്‍ ചൈനീസ് അധികൃതര്‍ അനുവദിച്ചിട്ടില്ല.
അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയില്‍നിന്ന് വേര്‍പ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനില്‍ക്കുമെന്ന ആശങ്കയും ജെഫിനുണ്ട്.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ തങ്ങളുടെ പൗരന്മാരെ വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം ഇവരെ സൈനിക ക്യാമ്പില്‍ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
അതേസമയം, ലോകത്തെ 19 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 132 പേര് മരണപ്പെടുകയും ചെയ്തു.
Content Highlights: corona virus in china; british citizen forced to leave from china without his wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..