-
വാഷിങ്ടൺ: കോവിഡ് 19 സീസണല്‍ രോഗമായി വരാമെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍. നിലവില്‍ ലോകത്താകമാനമായി നാല് ലക്ഷം പേരെ ബാധിച്ച രോഗം മൂലം 21000 ത്തോളം പേരാണ് ഇതുവരെ മരണപ്പെട്ടത്.
ലോകരാജ്യങ്ങള്‍ പൂര്‍ണ്ണമായും വൈറസ് വ്യാപനത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി മുക്തി നേടിയാലും സീസണല്‍ ആയി രോഗം തിരിച്ചുവരാമെന്ന കണ്ടെത്തല്‍ വലിയ ആശങ്കയുളവാക്കുകയാണ്. കൊറോണക്കെതിരേ വാക്‌സിന്‍ നിര്‍ബന്ധമായും കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ശിശിരകാലത്തിനോടടുക്കുന്ന ദക്ഷിണാര്‍ദ്ധഗോളത്തിലെ രാജ്യങ്ങളിലാണ് ഇപ്പോൾ പുതിയ കേസുകള്‍ കാണുന്നതെന്നാണ് യുഎസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞനായ ആന്തോണി ഫൗസിയുടെ നിരീക്ഷണം
"ദക്ഷിണാഫ്രിക്കാ, ദക്ഷിണാര്‍ദ്ധ ഗോളത്തിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നമ്മള്‍ കോവിഡ് കേസുകള്‍ കാണുന്നത്. ശിശിരകാലത്തിലേക്ക് അവര്‍ കടക്കുമ്പോഴാണ് ഇത് കാണുന്നത്. രണ്ടാം ഘട്ട സീസണിലേക്ക് ഇത് കടക്കുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്", ഫൗസി പറയുന്നു.
"എത്രയും പെട്ടെന്ന് ടെസ്റ്റുകളിലൂടെ രോഗം സ്ഥിരീക്കേണ്ട സംവിധാനം കണ്ടെത്തേണ്ടതുണ്ട്. മാത്രവുമല്ല വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ നീരീക്ഷണം നമ്മെ കൊണ്ടെത്തിക്കുന്നത്. അങ്ങനെയാണെങ്കില്‍ അടുത്ത കോവിഡ് സീസണാകുമ്പോഴേക്കും നമുക്ക് തയ്യാറെടുക്കാനാവും", അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ ചൈനയും അമേരിക്കയും വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒടുവിലത്തെ ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. യാഥാര്‍ഥ്യമാകുമ്പോഴേക്കും ചുരുങ്ങിയത് ഒന്നര വര്‍ഷമെടുക്കും.മലേറിയക്കെതിരായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകളാണ് നിലവില്‍ കോവിഡിനെതിരായ മരുന്നായി ഉപയോഗിക്കുന്നത്.
തണുത്ത കാലവസ്ഥ മനുഷ്യരില്‍ പ്രതിരോധ ശേഷി കുറയ്ക്കുമെന്നതിനാലും തണുത്ത അന്തരീക്ഷത്തില്‍ വൈറസ് അടങ്ങിയ ജലകണങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ളതിനാലും തണുപ്പ് കാലമായിരിക്കും കോവിഡ് വ്യാപനം വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയെന്നാണ് നിലവിലെ നിരീക്ഷണം. മാത്രവുമല്ല ചൂടുള്ള കാലവസ്ഥയില്‍ വൈറസുകള്‍ തണുപ്പ് കാലാവസ്ഥയേക്കാള്‍ വേഗത്തില്‍ ജീര്‍ണ്ണിക്കുന്നു എന്നതും കാരണമാണെന്ന് ഫൗസി പറയുന്നു.
പരീക്ഷണങ്ങളെല്ലാം അതിന്റെ ആദ്യഘട്ടത്തിലായതിനാല്‍ തന്നെ ഇത് ഐക്യരാഷ്ട്രസഭയോ മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കോവിഡിനെതിരായ പോരാട്ടത്തിൽ നാം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പക്ഷെ മറ്റൊരു സീസണിനായി നാം തീർച്ചയായും തയ്യാറായിരിക്കേണ്ടതുണ്ടെന്നും ഫൗസി പറയുന്നു.
content highlights: Corona Virus could be seasonal says Top American Scientist


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..