ന്യൂഡല്‍ഹി: രാജ്യസുരക്ഷ ഉറപ്പാക്കുകയും ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയുമൊക്കെയാണ്  ഒരു ചാരസംഘടനയുടെ പ്രാഥമിക ദൗത്യം. എന്നാല്‍ അതെല്ലാം വിട്ട് ഭൗമനിരീക്ഷണത്തിലും കൈവച്ചിരിക്കുകയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ.

ഭൂമികുലുക്കങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്തുവാനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പിക്കാനുമായി പാകിസ്താന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഇ.ആര്‍.ആര്‍.എ (Earthquake Reconstruction And Rehabilitation Authority). 

ഭൂമികുലുക്കങ്ങളെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്ന ഈ പാക് സര്‍ക്കാര്‍ സ്ഥാപനം നവംബര്‍ ഒന്നിന് നല്‍കിയ ഒരു ഭൂചലന മുന്നറിയിപ്പാണ് ഇപ്പോള്‍  സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുള്ളത്. 

ചാരസംഘടനയായ ഐ.എസ്.ഐയുടെ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമനുസരിച്ച് സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു വമ്പന്‍ ഭൂകമ്പമുണ്ടാക്കും എന്നാണ് ഇ.ആര്‍.ആര്‍.എ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. 

 

ഏഷ്യ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാകിസ്താനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഭൂകമ്പത്തെ നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. 

എന്തായാലും ചാരസംഘടനയുടെ മേധാവി ഭൂചലനം പ്രഖ്യാപിച്ച കഥ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി. അമേരിക്കയിലെ മുന്‍ പാകിസ്താന്‍ അംബാസിഡര്‍ ഹുസൈന്‍ ഹഖ്വാനി അടക്കമുള്ളവര്‍ ഇതിനെ പരിഹസിച്ചു രംഗത്തു വരികയും ചെയ്തു.

'' ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പമുണ്ടാകും എന്ന് ഐ.എസ്.ഐ പ്രവചിച്ചത്രേ.. ഭൂസര്‍വ്വേയും ഭൂമികുലുക്കം പ്രവചിക്കുന്നതുമെല്ലാം ഐഎസ്‌ഐ ഏറ്റെടുത്തുവോ എന്നറിയില്ല.....'' ഐഎസ്‌ഐയുടെ മുന്നറിയിപ്പിനെ പരിഹസിച്ചു കൊണ്ട് ഹുസൈന്‍ ഹഖ്വാനി ട്വിറ്ററില്‍ കുറിച്ചു.

ഏതോ വ്യാജവാര്‍ത്ത കണ്ടാവാം ഐഎസ്‌ഐ ഇങ്ങനെ പറഞ്ഞതെന്ന് ഒരാള്‍ വാദിക്കുമ്പോള്‍ ഒസാമ ബിന്‍ലാദന്‍ ഒളിച്ചിരുന്നത് അറിയാതിരുന്ന ഐഎസ് ഐ ഇതൊക്കെ അറിയുന്നതില്‍ ആശ്വാസം ഉണ്ടെന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ്‌.