ബൊഗോട്ട: കൊളംബിയയിലെ കൊടുംകുറ്റവാളിയായ മയക്കുമരുന്ന് കടത്തുകാരനും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്റെ തലവനുമായ ആള്‍ പിടിയിലായി. ഒട്ടോണിയല്‍ എന്നറിയപ്പെടുന്ന ഡെയ്‌റോ അന്റോണിയോ ഉസുഗയാണ് മെക്‌സിക്കന്‍ പട്ടാളവും വ്യോമസേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്.

ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എട്ട് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു കൊളംബിയന്‍ സര്‍ക്കാര്‍. അതേസമയം 50 ലക്ഷം ഡോളറാണ് ഇയാളുടെ തലക്ക് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്.

ഒട്ടോണിയലിനെ പിടികൂടിയതില്‍ കൊളംബിയന്‍ പ്രസിഡന്റ് ഡ്യൂക്ക് സേനാവിഭാഗങ്ങളെ അഭിനന്ദിച്ചു. 'മയക്കുമരുന്ന് കടത്തിനെതിരെ ഈ നൂറ്റാണ്ടില്‍ നമ്മുടെ രാജ്യം നല്‍കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 1990കളിലെ പാബ്ലോ എസ്‌കോബറിന്റെ പതനവുമായേ ഇതിനെ താരതമ്യം ചെയ്യാനാകൂ' കൊളംബിയന്‍ പ്രസിഡന്റ് പറഞ്ഞു.

500 സൈനികരും 22 ഹെലികോപ്ടറുകളും

പനാമ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ കൊളംബിയയിലെ ആന്റിയോക്വിയ പ്രവിശ്യയിലെ ഒരു ഗ്രാമപ്രദേശത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് ഒട്ടോണിയല്‍ പിടിക്കപ്പെട്ടത്. 22 ഹെലികോപ്ടറുകളുടെ അകമ്പടിയില്‍ 500 സൈനികരാണ് ഇയാളെ പിടികൂടാനുള്ള ഓപ്പറേഷനില്‍ പങ്കാളികളായത്. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

പിടിക്കപ്പെടാതിരിക്കാന്‍ എല്ലാവിധ തന്ത്രങ്ങളും ഓട്ടോണിയല്‍ പയറ്റിയിരുന്നു. അധികൃതരെ അകറ്റി നിര്‍ത്തുന്നതിനായി ഗ്രാമവാസികളെ ഉപയോഗപ്പെടുത്തിയിരുന്നു. ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ആശയവിനിമയത്തിന് കൊറിയര്‍ സേവനങ്ങള്‍ മാത്രമാണ് ആശ്രയിച്ചിരുന്നത്. അതേസമയം പിടിക്കപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പ് തന്നെ ഇയാളുടെ ഒളിത്താവളം സൈന്യം മനസ്സിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Otoniel

50 ലധികം സിഗ്നല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധര്‍ സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ചാണ് ഇയാളുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് പോലീസ് മേധാവി ജോര്‍ഗ് വാര്‍ഗാസ് പറഞ്ഞു. യുഎസ്, യുകെ രഹസ്യാന്വേഷണ ഏജന്‍സികളും തിരിച്ചിലിന്റെ ഭാഗമായിരുന്നു.

ഒട്ടോണിയല്‍ എന്ന കൊടുംകുറ്റവാളി

നേരത്തെ ഉസുഗ വംശം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗള്‍ഫ് വംശത്തിന്റെ തലവനാണ് അമ്പത് വയസ്സുകാരനായ ഒട്ടോണിയല്‍. പത്ത് വര്‍ഷം മുമ്പ് ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡില്‍ സഹോദരന്‍ കൊല്ലപ്പെട്ടതോടെയാണ് ഒട്ടോണിയല്‍ ഈ വംശത്തിന്റെ തലവനായത്. രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനല്‍ സംഘമായിട്ടാണ് കൊളംബിയന്‍ സുരക്ഷാസേന ഇവരെ മുദ്രകുത്തിയിട്ടുള്ളത്. അങ്ങേയറ്റം അക്രമാസക്തരും വന്‍ ആയുധശേഖരമുള്ളവരുമായിട്ടാണ് യുഎസ് അധികൃതര്‍ ഇവരെ വിശേഷിപ്പിച്ചിട്ടുള്ളത്.

പല പ്രവിശ്യകളിലായി പ്രവര്‍ത്തിക്കുന്ന, വിപുലമായ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ സംഘം, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, അനധികൃത സ്വര്‍ണഖനനം, കൊള്ളയടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്. സായുധരായ 1,800 അംഗങ്ങള്‍ സംഘത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

തീവ്ര വലതുപക്ഷ സംഘടനാ വിഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവര്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. അര്‍ജന്റീന, ബ്രസീല്‍, ഹോണ്ടുറാസ്, പെറു, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഇവരുടെ അംഗങ്ങള്‍ അറസ്റ്റിലായിട്ടുണ്ട്.

കൊളംബിയയില്‍ നിന്ന് യുഎസിലേക്കും റഷ്യയിലേക്കും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന പല വഴികളും ഈ സംഘമാണ് നിയന്ത്രിക്കുന്നത്. സമീപകാലത്ത് ഈ സംഘത്തില്‍ ചില പ്രതിസന്ധികളുണ്ടായതായാണ് കൊളംബിയന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സംഘത്തിലെ പല ഉന്നതരും ഒളിവില്‍ കാടുകളിലും ഉള്‍പ്രദേശങ്ങളിലും ഒളിവില്‍ കഴിയുകയാണ്.

കുട്ടികളെ കടത്തല്‍, യുഎസിലേക്ക് കൊക്കെയിന്‍ കയറ്റി അയക്കല്‍, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തല്‍ തുടങ്ങി ഒട്ടേറ കുറ്റകൃത്യങ്ങളിൽ ആരോപണങ്ങള്‍ ഒട്ടോണിയല്‍ നേരിടുന്നുണ്ട്. യുഎസിലും ഇയാള്‍ നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനാല്‍ അങ്ങോട്ടേക്ക് കൈമാറാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.