അതിശയിപ്പിക്കുന്ന അതിജീവനം, കുട്ടികളുടെ അത്ഭുതരക്ഷ ഓപ്പറേഷന്‍ ഹോപ്പിലൂടെ; പാല്‍ക്കുപ്പി വരെ തുണയായി


2 min read
Read later
Print
Share

'ഇത് ചരിത്രത്തില്‍ അവശേഷിക്കും. ഇന്നവര്‍ സമാധാനത്തിന്റേയും കൊളംബിയയുടേയും കുട്ടികളാണ്'- ഗുസ്താവോ പെട്രോ

കുട്ടികളെ കണ്ടെത്തിയപ്പോൾ, രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ പാൽക്കുപ്പി | Photo: AP

ബൊഗോട്ട്: പതിമൂന്നും ഒമ്പതും നാലും ഒന്നും പ്രായമായ നാല് കുട്ടികള്‍. ആമസോണ്‍ കാട്ടിലകപ്പെട്ട ഇവരുടെ 40 ദിവസത്തിന് ശേഷമുള്ള കണ്ടെത്തല്‍ അത്ഭുതകരമെന്നല്ലാതെ മറ്റൊരുവാക്കില്‍ വിശേഷിപ്പിക്കാനില്ല. നാലുകുട്ടികളും മാതാവും ഒരു പൈലറ്റും മറ്റൊരു സഹപൈലറ്റുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന 206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. അവിടെനിന്ന് 40-ാം ദിവസമാണ് കൊളംബിയന്‍ പ്രസിന്റ് ഗുസ്താവോ പെട്രോ നാലുകുട്ടികളുടേയും അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് ലോകത്തോട് പറഞ്ഞത്.

'രാജ്യത്തിന് മുഴുവന്‍ ആഹ്ലാദകരമായ ദിവസം. ഇന്നത്തേതൊരു മാന്ത്രിക ദിവസമാണ്. അവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ സ്വയം അതിജീവനത്തിന്റെ സമ്പൂര്‍ണ്ണ മാതൃക സൃഷ്ടിച്ചു. ഇത് ചരിത്രത്തില്‍ അവശേഷിക്കും. ഇന്നവര്‍ സമാധാനത്തിന്റേയും കൊളംബിയയുടേയും കുട്ടികളാണ്', കുഞ്ഞുങ്ങളുടെ കണ്ടെത്തതില്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ സന്തോഷം അത്രയും നിറയുകയാണ്. കൊളംബിയന്‍ സൈന്യവും പ്രാദേശിക ഗോത്രസമൂഹവും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കുട്ടികളെ കണ്ടെത്തിയതിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഗുസ്താവോയുടെ പ്രതികരണം.

കുട്ടികളെ കണ്ടെത്തിയ ഉടനെ പ്രാഥമിക ആരോഗ്യപരിചരണം നല്‍കി. തുടര്‍ന്ന് കുട്ടികളെ കണ്ടെത്തിയ കാര്യം ഗുസ്താവോ, കുട്ടികളുടെ മുത്തച്ഛനെ അറിയിച്ചു. കാടായ മാതാവാണ് മക്കളെ തിരിച്ചുതന്നതെന്ന് മുത്തച്ഛന്‍ കൊളംബിയന്‍ പ്രസിഡന്റിനോട് പ്രതികരിച്ചു.

ആമസോണ്‍ പ്രവിശ്യയിലെ അരാരക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വവിറോയിലേക്കുള്ള യാത്രക്കിടയിലാണ് സെസ്‌ന 206 വിമാനം തകര്‍ന്നത്. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നായിരുന്നു അപകടം. കുട്ടികളുടെ അമ്മ മഗ്ദലേന മ്യുകുറ്റിയുടേതടക്കം മൂന്ന് മുതിര്‍ന്നവരുടേയും മൃതദേഹം സൈന്യം നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍തന്നെ കുട്ടികള്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്നും മഴക്കാടുകളിലെവിടെയോ അലഞ്ഞുതിരിയുന്നുണ്ടാവാമെന്നും മനസിലായി. തുടര്‍ന്ന് വലിയ തിരച്ചില്‍ ആരംഭിച്ചു.

കുട്ടികള്‍ വഴികളില്‍ ഉപേക്ഷിച്ചുപോയ പല സാധനങ്ങളും തിരച്ചിലിനിടെ സൈന്യത്തിന് ലഭിച്ചു. വെള്ളക്കുപ്പികള്‍, കത്രിക, മുടിക്കുടുക്ക്, താത്കാലിക ഷെല്‍ട്ടര്‍ എന്നിവ സൈന്യത്തിന് തിരച്ചിലിനിടെ ലഭിച്ചു. കുഞ്ഞുകാലടികളും അവര്‍ പലയിടത്തും കണ്ടു. ഇതാണ് സൈന്യത്തിന് കുട്ടികള്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്ന പ്രതീക്ഷ നല്‍കിയത്. എന്നാല്‍, ജാഗ്വാറുകളും പാമ്പുകളുമടക്കമുള്ള ഇരപിടിയന്‍ മൃഗങ്ങള്‍ ഏറെയുള്ള മഴക്കാടുകളില്‍ കുട്ടികള്‍ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നത് ആശങ്കയായിരുന്നു.

കൊളംബിയയിലെ പ്രാദേശിക ഗോത്രവിഭാഗമായ ഹ്യൂട്ടോട്ടോ വിഭാഗത്തില്‍നിന്നുള്ള കുട്ടികള്‍ക്ക്, അവര്‍ക്ക് പരമ്പരാഗതമായി ലഭിച്ച അറിവ് ഉപയോഗിച്ച് കാട്ടില്‍ അതിജീവിക്കാന്‍ കഴിഞ്ഞേക്കുമെന്ന് കരുതപ്പെട്ടിരുന്നു. ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും പ്രതീക്ഷിച്ചിരുന്നു. കായ്കനികള്‍ ഭക്ഷിച്ച് ജീവിക്കാനും വേട്ടയാടാനും മീന്‍പിടിക്കാനും ഹ്യൂട്ടോട്ടോ വിഭാഗത്തിലെ കുട്ടികള്‍ക്ക് വളരേ ചെറിയ പ്രായത്തില്‍തന്നെ പരിശീലനം ലഭിക്കും. തിരച്ചില്‍ നടത്തുന്ന ഹെലികോപ്റ്ററുകളില്‍നിന്ന് കുട്ടികളുടെ അമ്മൂമ്മയുടെ ശബ്ദസന്ദേശം പുറപ്പെടുവിച്ച് കാട്ടിലൂടെ സഞ്ചരിക്കരുതെന്ന നിര്‍ദേശം നല്‍കിയും കുട്ടികളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. അമ്മൂമ്മയുടെ ശബ്ദത്തിലുള്ള നിര്‍ദേശം കേള്‍ക്കുമ്പോള്‍ കുട്ടികള്‍ എവിടെയാണോ ഉള്ളത്, അവിടെതന്നെ തുടരുമെന്നും സഞ്ചാരം നിര്‍ത്തുമെന്നും സൈന്യം പ്രതീക്ഷിച്ചു. അങ്ങനെയങ്കില്‍ ഇവരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ കരുതി.

എന്നാല്‍, വിമാന അപകടമുണ്ടായി 17-ാം ദിവസം കുട്ടികളെ കണ്ടെത്തിയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തിയിരുന്നു. ഗുസ്താവോ പിറ്റേന്ന് തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും കൊളംബിയന്‍ ചൈല്‍ഡ് വെല്‍ഫയര്‍ ഏജന്‍സിയില്‍നിന്ന് ലഭിച്ച വിവരം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം തിരുത്തി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ആമസോണ്‍ വനത്തിനകത്ത് കുറച്ചു ഭാഗംമാത്രമേ റോഡുകളുള്ളൂ. പുഴ മുറിച്ചുകടക്കാന്‍ പ്രയാസവുമാണ്. ഇതിനാല്‍ ഈ മേഖലയില്‍ ചെറിയ യാത്രാവിമാന സംവിധാനമുണ്ട്. ഇത്തരത്തില്‍ ഒരു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹെലിക്കോപ്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. 'ഓപറേഷന്‍ ഹോപ്' എന്നു പേരിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. കനത്ത മഴയും കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. 160 സൈനികര്‍, 70 ഗോത്രവിഭാഗക്കാര്‍ എന്നിവരായിരുന്നു രക്ഷാദൗത്യത്തില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററും വിമാനങ്ങളുമടക്കം രക്ഷാദൗത്യത്തിനായി ഉപയോഗിച്ചു.

Content Highlights: colombia plane crash Amazon forest Four children Operation Hope Rescue

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


Morocco Earthquake

2 min

മൊറോക്കോ ഭൂചലനം: മരണം 1,000 കടന്നു; സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങള്‍

Sep 9, 2023


image

1 min

ഡയാനയുടെ മരണത്തില്‍ നിയമപോരാട്ടം, ശതകോടീശ്വരന്‍; ദോദിയുടെ പിതാവ് അല്‍ ഫായേദ് അന്തരിച്ചു

Sep 2, 2023


Most Commented