ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ. ജനാധിപത്യ മൂല്യങ്ങള്‍ അവിടെ ബഹുമാനിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാരൃ മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റായ മൈത്രീപാല സിരിസേന പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗയെ പുറത്താക്കുകയും മുന്‍ പ്രസിഡന്റായ മഹീന്ദ്ര രാജപക്സയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്ത സാഹചര്യത്തെ കുറിച്ചാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടുള്ളത്. ശ്രീലങ്കന്‍ ജനതയുടെ പുരോഗതിക്കായുള്ള സഹായങ്ങള്‍ തുടരുകതന്നെ ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനില്‍ വിക്രമസിംഗയെ പുറത്താക്കി പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ തല്‍സ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ പാര്‍ലമെന്റ് മരവിപ്പിക്കയും ചെയ്തിരുന്നു. രാഷ്ട്രീയ നാടകങ്ങള്‍ കൂടുതല്‍ കലുഷിതമാകുന്നതിനിടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നവംബര്‍ 16 വരെയാണ് പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്. 2019 ലെ വാര്‍ഷിക ബജറ്റിന് മുന്നോടിയായി ശ്രീലങ്കന്‍ പാര്‍ലമെന്റ് നവംബര്‍ അഞ്ചിന് ചേരേണ്ടതായിരുന്നു. നടപടി ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) പാര്‍ട്ടി അപ്രതീക്ഷിതമായി റെനില്‍ വിക്രമസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത്. 2015 ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്.
അതേസമയം തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറാന്‍ വിക്രമസിംഗ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിക്രമസംഗയെ ഒഴിപ്പിക്കാനായി കോടതി ഉത്തരവിന് കാത്തിരിക്കയാണ് പോലീസ്. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനങ്ങളും സുരക്ഷയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ പിന്‍വലിച്ചിരുന്നു.