ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനമാണ് പുരാതന സിന്ധു നദീതട(ഹാരപ്പന്‍) സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ പഠനം. റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍.ഐ.ടി.)യിലെ ഗവേഷകനാണ് കാലാവസ്ഥാ വ്യതിയാനം സംസ്‌കാരത്തിന്റെ ഉയര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും കാരണമായി എന്ന് സൂചിപ്പിക്കുന്ന ഒരു ഗണിതശാസ്ത്ര രീതി വികസിപ്പിച്ചെടുത്തത്. 

കഴിഞ്ഞ 5,700 വര്‍ഷങ്ങള്‍ക്കിടയില്‍ ഉത്തരേന്ത്യയില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ഇന്ത്യന്‍ വംശജനും ആര്‍.ഐ.ടിയിലെ ഗവേഷകനുമായ നിഷാന്ത് മാലിക് ഈ നിഗമനത്തില്‍ എത്തിയത്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് മുന്‍കാല കാലാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണത്തില്‍ എത്തിച്ചേരുകയായിരുന്നു മാലിക്.

ആര്‍.ഐ.ടിയുടെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസറായ നിഷാന്ത് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, താന്‍ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികതയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മണ്‍സൂണ്‍ രീതികള്‍ മാറുന്നത് സിന്ധു നദീതട സംസ്‌കാരത്തിന്റെ നാശത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് പഠനത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.  

നിഷാന്തിന്റെ നിരീക്ഷണങ്ങളനുസരിച്ച് സിന്ധു നദീതട സംസ്‌കാരത്തിന്റെ ഉദയത്തിന് മുമ്പ് മണ്‍സൂണിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായി. നാഗരിതകയുടെ പതനത്തിന് തൊട്ടുമുമ്പ് ആ സ്വഭാവത്തില്‍ വീണ്ടും മാറ്റമുണ്ടായി. ഇതിനേ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്ക്  കാരണമായതെന്നും പഠനം സൂചിപ്പിക്കുന്നു.

Content Highlights: Climate change likely led to fall of Indus Valley Civilisation: Study