ലണ്ടന്‍: യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ക്രിമിയയുടെ തീരത്തുകൂടി യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡര്‍ കടന്നുപോയതിനോടുള്ള റഷ്യന്‍ പ്രതികരണമാണ് രേഖകളില്‍ ഒന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേതൃത്വത്തിലുള്ള നാറ്റോയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ യുകെയുടെ സൈനിക സാന്നിധ്യത്തിനുള്ള പദ്ധതികളാണ് മറ്റൊന്നിലുള്ളത്.

ആയുധങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികളുമായി ബ്രിട്ടന് മത്സരമുള്ള മേഖലകളെക്കുറിച്ചുള്ള തന്ത്രപരമായ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ  നിര്‍ണായക വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ആദ്യ മാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തിങ്കളാഴ്ചത്തെ യുകെ-യുഎസ് പ്രതിരോധ സംഭാഷണത്തിന്റെ സംക്ഷിപ്ത കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ബസ് സ്റ്റോപ്പിന് പിന്നില്‍ നിന്ന് 50 പേജുള്ള രേഖകള്‍ കണ്ടെടുത്തത്. രേഖകളുടെ പ്രധാന്യം മനസിലാക്കിയ അയാള്‍ ഇക്കാര്യം ബിബിസിയെ അറിയിക്കുകയായിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ഒരു പ്രതിരോധ മന്ത്രാലയ വക്താവ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നത് അനുചിതമായിരിക്കുമെന്നും പറഞ്ഞു. 

Content Highlights: Classified UK defence ministry documents found at bus stop