വാഷിങ്ടണ്‍: നയതന്ത്ര ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചുവരുന്ന ഹവാന സിന്‍ഡ്രോം അമേരിക്കയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥന് അജ്ഞാത രോഗം ഉണ്ടായെന്നും ചികിത്സ തേടിയെന്നുമാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടാകുന്നത്.

കഴിഞ്ഞ മാസം നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം എന്ന വിചിത്രമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥരില്‍ നിരന്തരമായി ഹവാന സിന്‍ഡ്രോം കണ്ടുവരുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുകയാണ് അമേരിക്ക. ഈ വര്‍ഷം അവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ലെന്നും ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സി.ഐ.എ വക്താവ് വ്യക്തമാക്കി. അമേരിക്കയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഈ പ്രശ്‌നം. ഹവാന സിന്‍ഡ്രോമിന് കാരണമെന്താണെന്ന് തിരിച്ചറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 2016ല്‍ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഈ അവസ്ഥ കാണപ്പെട്ടത്.

ക്യൂബയ്ക്ക് പുറമേ റഷ്യ, ചൈന, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള മുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന സ്ഥിതിവിശേഷം ഉന്നത ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ട്.

സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ ഹവാന സിന്‍ഡ്രോം ബാധിച്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്യപ്പെട്ട രീതിയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള അമര്‍ഷത്തെ തുടര്‍ന്നായിരുന്നു ബ്ലിങ്കന്റെ കൂടിക്കാഴ്ച.

എന്താണ് ഹവാന സിന്‍ഡ്രോം

2016 മുതലാണ് ഹവാന സിന്‍ഡ്രോമിനെ കുറിച്ച് കേട്ടുതുടങ്ങിയത്. ക്യൂബന്‍ തലസ്ഥാനം ഹവാനയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ആദ്യമായി ഈ അജ്ഞാത രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അങ്ങനെയാണ് ഈ രോഗത്തിന് ഹവാന സിന്‍ഡ്രോം എന്ന പേര് വന്നത്. 

വിചിത്രമായ ചില ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇവര്‍ക്ക് ഉണ്ടായത്. ഇതിനു പുറമേ ഛര്‍ദി, ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മപ്രശ്നങ്ങള്‍ എന്നിവയും അനുഭവപ്പെട്ടു. ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്. 

ക്യൂബയിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കാണ് ആദ്യം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ പലഭാഗത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചെറിയ സമയത്തിനുള്ളില്‍ ഇരുന്നൂറോളം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഹവാന സിന്‍ഡ്രോമിന് ഇരയായതെന്ന് സിഐഎ ഡയറക്ടര്‍ വില്ല്യം ബേണ്‍സ് പറഞ്ഞു. സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ പലരും അജ്ഞാത രോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്.  

രോഗം ബാധിച്ച ചിലര്‍ക്ക് പെട്ടന്നുതന്നെ രോഗം ഭേദമായി. എന്നാല്‍ മറ്റുചിലര്‍ക്ക് പ്രശ്നങ്ങള്‍ കാലങ്ങളോളം നീണ്ടുനിന്നു.  നിത്യജീവിതത്തെ പോലും ബാധിക്കുന്ന തരത്തില്‍ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാലം നീണ്ടു. രോഗത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നതിന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. വിദേശ ദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള രഹസ്യാക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. യുഎസ് തന്നെ ഇത്തരം ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. 

റഷ്യക്കെതിരെയുള്ള രഹസ്യ നീക്കങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ റഷ്യന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയര്‍ന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയ വലയത്തിനുള്ളിലായി. വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്കുള്ള ഈ 'രഹസ്യാക്രമണ'മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  2017ല്‍ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥര്‍ക്കെതിരേ ക്യൂബയും റഷ്യയും ചേര്‍ന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്.

യഥാര്‍ഥത്തില്‍ ഹവാന സിന്‍ഡ്രം എന്താണെന്ന പഠനങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടെങ്കിലും രോഗത്തിന്റെ യഥാര്‍ഥ കാരണമോ ചികിത്സയോ സംബന്ധിച്ച് കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. ജോലിയിലേയോ വ്യക്തിജീവിതത്തിലേയോ സമ്മര്‍ദം മൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളാവാം രോഗത്തിന്റെ കാരണം എന്നാണ് ചില മനഃശാസ്ത്രജ്ഞര്‍ വിശദീകരിച്ചത്. 

Content Highlights: CIA chief`s team member reported Havana Syndrome during his visit to India