മുല്ല അബ്ദുൾ ഗാനി ബറാദർ, വില്ല്യം ബേൺസ് | Photo: AFP
വാഷിങ്ടണ്‍: താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബറാദറുമായി യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ തലവൻ വില്ല്യം ബേണ്‍സ് തിങ്കളാഴ്ച കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ദി വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
പേര് വെളിപ്പെടുത്താത്ത യുഎസ് വക്താവിനെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സിഐഎ-താലിബാന്‍ കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യുഎസിന്റെ പൂര്‍ണമായ സൈനിക പിന്മാറ്റവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍. ഓഗസ്ത് 31നുള്ളില്‍ വിദേശസേനാപിന്മാറ്റം പൂര്‍ത്തിയാക്കണണെന്നാണ് താലിബാന്റെ അന്ത്യശാസനം. സേനാപിന്മാറ്റം നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ സമയം ലഭിച്ചാല്‍ അതില്‍ എതിര്‍പ്പില്ലെന്നാണ് യുഎസ് നിലപാട്.
എന്നാല്‍ സേനാപിന്മാറ്റത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'ഒഴിപ്പിക്കല്‍ പൂര്‍ത്തിയാവാന്‍ അമേരിക്കയോ ബ്രിട്ടണോ കൂടുതല്‍ സമയം ചോദിച്ചാല്‍ ഇല്ല എന്നാവും മറുപടി. അല്ലാത്തപക്ഷം അവര്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പ്രതികരിച്ചു.
Content Highlights: CIA Chief Held Secret Meeting Yesterday With Taliban In Kabul: Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..