Image Credit: Global Times
ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വുഹാനെ കുറിച്ച് ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍ എഴുതിയ പ്രശസ്ത ചൈനീസ് എഴുത്തുകാരിയായ ഫാങ് ഫാങ്ങിന് നേരെ സൈബര്‍ ആക്രമണവും വധഭീഷണിയും. കുറിപ്പ് ഏകപക്ഷീയവും വുഹാന്റെ ഇരുണ്ടവശം മാത്രം തുറന്നു കാണിക്കുന്നതുമാണ് എന്നാരോപിച്ചാണ് ആക്രമണം.
കോവിഡ് 19-ന്റെ പ്രഭവകേന്ദ്രമായിരുന്നു ചൈനയിലെ വുഹാന്‍. വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതിനായി ജനുവരി 23-നാണ് വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. അന്നു മുതലാണ് അറുപത്തിനാലുകാരിയും 2010-ല്‍ ചൈനയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി കരസ്ഥമാക്കുകയും ചെയ്ത ഫാങ് ഫാങ് ഓണ്‍ലൈനില്‍ ഡയറിക്കുറിപ്പുകള്‍ എഴുതാന്‍ ആരംഭിക്കുന്നത്.
വൈറസ് വ്യാപനത്തില്‍നിന്ന് പുറത്തുകടക്കുന്നതിനായി അധികൃതര്‍ കിണഞ്ഞുപരിശ്രമിക്കുമ്പോള്‍ വുഹാനിലെ താമസക്കാര്‍ നേരിടുന്ന ഒറ്റപ്പെടലിനെ കുറിച്ചും അവരുടെ ഭയത്തെ കുറിച്ചും രോഷത്തെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചുമെല്ലാമാണ് ഫാങ് ഫാങ് തന്റെ കുറിപ്പുകളിലൂടെ പങ്കുവെച്ചിരുന്നത്.
വുഹാനിലെ താമസക്കാര്‍ പരസ്പരം സഹകരിക്കുന്നതിനെ കുറിച്ചും സൂര്യപ്രകാശത്തില്‍ സ്വന്തം മുറി പ്രകാശപൂരിതമാകുന്നതിനെ കുറിച്ചും അവര്‍ എഴുതി. തിരക്കേറിയ ആശുപത്രികള്‍ രോഗികളെ മടക്കി അയക്കുന്നതും മാസ്‌ക് ക്ഷാമവും ബന്ധുക്കളുടെ മരണവുമെല്ലാം അവരുടെ എഴുത്തില്‍ കടന്നുവന്നു. ചിലപ്പോഴെല്ലാം എഴുത്തില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
'ഒരു ഡോക്ടര്‍ സുഹൃത്ത് എന്നോട് പറഞ്ഞു, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുന്നതായി ഞങ്ങള്‍ ഡോക്ടര്‍മാര്‍ മേലുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അവരാരും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ തയ്യാറായില്ല.' ഒരിക്കല്‍ ഫാങ് ഫാങ് എഴുതി. ഡയറിക്കുറിപ്പുകള്‍ ലക്ഷക്കണിക്കിന് വായനക്കാരെയാണ് നേടിയത്. വിവിധ ഭാഷകളില്‍ ഈ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
എന്നാല്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിലും ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിലും ചൈന പരാജയപ്പെട്ടു എന്ന വാദത്തിന് ശക്തി പകരുന്നതാണ് ഫാങ് ഫാങ്ങിന്റെ ഡയറിക്കുറിപ്പുകള്‍ എന്നാരോപിച്ചാണ് ഒരു വിഭാഗം ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ചൈനയ്‌ക്കെതിരെ തിരി കൊളുത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെടിമരുന്ന് പകരുന്നതാണ് ഫാങ്ങിന്റെ കുറിപ്പുകളെന്ന് അവര്‍ ആരോപിക്കുന്നു. വഞ്ചനയാണിതെന്നും പണത്തിന് വേണ്ടിയാണ് എഴുതുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ വുഹാന്‍ ഡയറി എന്ന പേരില്‍ ഹാര്‍പര്‍കോളിന്‍സ് പുസ്തകം വില്പനക്കെത്തിക്കുന്നതും വിമര്‍ശകരുടെ രോഷത്തിന് എണ്ണ പകര്‍ന്നിട്ടുണ്ട്.
ഒരു പ്രശസ്ത എഴുത്തുകാരിയുടെ നേര്‍സാക്ഷ്യമെന്നാണ് ഈ പുസ്തകത്തിന് പ്രസാധകര്‍ നല്‍കുന്ന വിശേഷണം. പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തന്റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്ന ചൈനീസ് പ്രസാധകര്‍ പിന്‍വാങ്ങിയെന്നും ദേശീയവാദികളായ ഒരു സംഘം ആളുകളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണെന്നും വധഭീഷണി ഉണ്ടെന്നുംചൈനീസ് മാസികയായ കെയ്ക്‌സിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത് അഭിമുഖത്തില്‍ ഫാങ് പറയുന്നു.
സ്വതന്ത്ര മാധ്യമങ്ങളുടെ അഭാവമുള്ള, കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന വുഹാന്റെ യഥാര്‍ഥ ചിത്രം ലഭിക്കുന്നതിന് വേണ്ടിയാണ് പലരും ഫാങ് ഫാങ്ങിന്റെ ഡയറിക്കുറിപ്പുകള്‍ക്കായി കാത്തിരുന്നിരുന്നത്. 'ആളുകള്‍ എന്റെ ഡയറി ശരിക്കും വായിച്ചാല്‍, പകര്‍ച്ചവ്യാധിക്കെതിരെ ചൈന സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ അവര്‍ കണ്ടെത്തും. പുസ്തകത്തിലൂടെ ലഭിക്കുന്ന എല്ലാ റോയല്‍റ്റിയും സംഭാവന ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച, അസുഖ ബാധിതരായി മരണത്തിന് കീഴടങ്ങിയവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കും.' ഫാങ് പറയുന്നു.
Content highlights: Chinese writer Fang Fang who wrote Wuhan Diary receives death threat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..