ഇസ്ലാമാബാദ്:  ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെത്തിയ ചൈനീസ് തൊഴിലാളികള്‍ പാകിസ്താന്‍ പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന സ്ഥലത്താണ് സംഘര്‍ഷം നടന്നത്. 

കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ചൈനക്കാരുടെ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തദ്ദേശവാസികളും പോലീസും പരക്കം പാഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തിനെത്തിയ ചൈനീസ് എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും അവരുടെ ക്യാമ്പില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് അടിയില്‍ കലാശിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പോലീസും ചൈനക്കാരും തമ്മിലുണ്ടായ വാഗ്വാദം കൈയ്യാങ്കളിലെത്തുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടുതല്‍ പോലീസെത്തി ചൈനക്കാരെ മുറിയില്‍ പൂട്ടിയിട്ടാണ് സംഘര്‍ഷം നിയന്ത്രിക്കാനായത്. ഇതിന് ശേഷവും ചൈനക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായെന്നും പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തെ പോലീസ് ക്യാമ്പിലേക്കുള്ള വൈദ്യുത ബന്ധം ഇവര്‍ വിഛേദിച്ചാണ് പ്രകോപനമുണ്ടാക്കിയത്. 

സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ചൈനീസ് തൊഴിലാളികളാണെന്ന് പാകിസ്താന്‍ പോലീസ് പറയുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചുപേരെ നാടുകടത്താന്‍ പോലീസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ സാമ്പത്തിക ഇടനാഴിയുടെ പ്രോജക്ട് മാനേജര്‍ കൂടിയാണെന്നാണ് വിവരം. 

ബലൂചിസ്താനിലെ ഗ്വദ്ദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന റോഡാണ് ചൈന ഇവിടെ നിര്‍മിക്കുന്നത്. 5000 കോടി ഡോളര്‍ ചിലവഴിച്ചാണ് ചൈന - പാക് സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നത്. പാക് അധീന കശ്മീരില്‍ കൂടി കടന്നുപോകുന്നതിനാല്‍ ഇന്ത്യ ഈ പദ്ധതിക്ക് എതിരാണ്. 

Content Highlights: Chinese Workers Thrash Pak Cops, China-Pakistan Economic corridor,