Joe Biden | Photo: AFP
വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡല്‍. ഈ മാസം ആദ്യം നടന്ന സംഭവത്തിനുശേഷം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീതയുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയ ബൈഡന്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തില്ലെന്നും പറഞ്ഞു. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കുമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ചാര ബലൂണ്‍ വെടിവച്ചിട്ട സംഭവം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി അന്റണി ബ്ലിങ്കന്‍ ചൈന സന്ദര്‍ശനം റദ്ദാക്കി. അമേരിക്കയ്‌ക്കെതിരെ ആരോപണമുന്നയിച്ച് ചൈന രംഗത്തെത്തുകയും ചെയ്തിരുന്നു. അമേരിക്കന്‍ ബലൂണുകള്‍ ചൈനീസ് അതിര്‍ത്തി ലംഘിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം അമേരിക്ക നിഷേധിച്ചിരുന്നു.
യുഎസ് സേന മിസൈലാക്രമണത്തിലൂടെയാണ് ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തത്. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും അതിനെതിരെയുള്ള യുക്തമായ പ്രതികരണമാണ് യുഎസ് നടത്തിയതെന്ന് സെക്രട്ടറി ഓഫ് ഡിഫന്‍സ് ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ചാരബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍ ബലൂണ്‍ തകര്‍ത്ത ഫൈറ്റര്‍ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അതിനിടെ,ചൈനയുടെ ചാര ബലൂണുകള്‍ ഇന്ത്യയും ജപ്പാനുമുള്‍പ്പടെയുള്ള രാജ്യങ്ങളേയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് യു.എസ് പുറത്തുവിട്ടത്. ചൈനയുടെ തെക്കന്‍ തീരത്തെ ഹൈനാന്‍ പ്രവിശ്യയ്ക്ക് സമീപം ജപ്പാന്‍, ഇന്ത്യ, വിയറ്റ്നാം, തായ്വാന്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലെ സൈനിക ആസ്തിയുള്‍പ്പടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചാരബലൂണ്‍ ശേഖരിച്ചതായി ചൊവ്വാഴ്ചയാണ് യു.എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ വകുപ്പിലെയും ഇന്റലിജന്‍സ് വിഭാഗത്തിലേയും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിരീക്ഷണ വിമാനങ്ങള്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ കണ്ടെത്തിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ ഹവായി, ഫ്ളോറിഡ, ടെക്സസ്, ഗുവാം എന്നീ മേഖലകളില്‍ ഇത്തരത്തിലുള്ള നാലോളം ചാരബലൂണുകള്‍ സമീപവര്‍ഷങ്ങളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Chinese spy baloon apology Biden
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..