ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങൾ | Photo:Twitter@ReutersUS
വാഷിങ്ടണ്‍: ചൈനയുടെ ചാര ബലൂണുകള്‍ ഇന്ത്യയും ജപ്പാനുമുള്‍പ്പടെയുള്ള രാജ്യങ്ങളേയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ്. വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ യു.എസ്. വെടിവെച്ചു വീഴ്ത്തിയിരുന്നു. ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് യു.എസ് പുറത്തുവിട്ടത്.
ചൈനയുടെ തെക്കന്‍ തീരത്തെ ഹൈനാന്‍ പ്രവിശ്യയ്ക്ക് സമീപം ജപ്പാന്‍, ഇന്ത്യ, വിയറ്റ്‌നാം, തായ്വാന്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലെ സൈനിക ആസ്തിയുള്‍പ്പടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചാരബലൂണ്‍ ശേഖരിച്ചതായി ചൊവ്വാഴ്ചയാണ് യു.എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ വകുപ്പിലെയും ഇന്റലിജന്‍സ് വിഭാഗത്തിലേയും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിരീക്ഷണ വിമാനങ്ങള്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ കണ്ടെത്തിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ ഹവായി, ഫ്‌ളോറിഡ, ടെക്‌സസ്, ഗുവാം എന്നീ മേഖലകളില്‍ ഇത്തരത്തിലുള്ള നാലോളം ചാരബലൂണുകള്‍ സമീപവര്‍ഷങ്ങളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണ കരോലിനയുടെ മുകളിലാണ് ചൈനീസ് ബലൂണിന് നേരെ യുഎസ് സേന മിസൈലാക്രമണം നടത്തിയത്. തകര്‍ന്ന ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തിലാണ് പതിച്ചതെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചിലാരംഭിച്ചതായും പെന്റഗണ്‍ അറിയിച്ചു. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും അതിനെതിരെയുള്ള യുക്തമായ പ്രതികരണമാണ് യുഎസ് നടത്തിയതെന്ന് സെക്രട്ടറി ഓഫ് ഡിഫന്‍സ് ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ചാരബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍ ബലൂണ്‍ തകര്‍ത്ത ഫൈറ്റര്‍ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് സന്ദര്‍ശനത്തിനൊരുങ്ങവേയായിരുന്നു ചാരബലൂണിന്റെ പ്രത്യക്ഷപ്പെടല്‍. യുഎസ്-ചൈന ബന്ധം അത്ര സുഖകരമല്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കുറയ്ക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനുവേണ്ടിയായിരുന്നു ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനവും നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചാരബലൂണ്‍ സൃഷ്ടിച്ച ദുരൂഹതയെത്തുടര്‍ന്ന് ബ്ലിങ്കന്റെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
Content Highlights: chinese spy balloon, us, missile attack, targeted india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..