വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണെന്ന സിദ്ധാന്തത്തെ തള്ളി വൈറസ് വ്യാപനത്തില്‍ ആരോപണ വിധേയയായ ചൈനീസ് ശാസ്ത്രജ്ഞ. ഇത്തരമൊരു സിദ്ധാന്തത്തിന് യാതൊരു തെളിവുകളുമില്ലെന്ന് ചൈനീസ് ' ബാറ്റ് വുമണ്‍' എന്നറിയപ്പെടുന്ന  വുഹാന്‍ വൈറോളജി ലാബിലെ ശാസ്ത്രജ്ഞ ഡോ.ഷി ഹെങ്കി രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി.

യാതൊരു തെളിവുകളും ഇല്ലാത്ത ഒരു സംഭവത്തിന് ഞാന്‍ എങ്ങനെ തെളിവുകള്‍ നല്‍കാനാണ്? നിരപരാധികളായ ശാസ്ത്രജ്ഞരെ നിരന്തരം പഴിചാരുന്ന ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് ലോകം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും ഹെങ്കി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

വവ്വാലുകളിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ വിദഗ്ധയാണ് ഷി ഹെങ്കി. വൈറസുകളെ ജനിതക മാറ്റം വരുത്തി ശക്തിപ്പെടുത്തി മറ്റൊരു ജീവിയില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കുന്ന ഗെയിന്‍ ഓഫ് ഫങ്ഷന്‍ എന്ന ഗവേഷണത്തിലാണ് ഹെങ്കി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പരീക്ഷണമാണ് കോവിഡ് വൈറസിന്റെ ഉത്ഭവത്തിന് കാരണമെന്നും ശാസ്ത്ര ലോകം സംശയം പ്രകടപ്പിച്ചിരുന്നു. ഇതോടെ അവര്‍ സംശയ നിഴലിലാവുകയും ചെയ്തിരുന്നു.

അടുത്തിടെ വുഹാനില്‍ വൈറസ് ഉത്ഭവത്തെക്കുറിച്ച് പഠിക്കാനെത്തിയ ലോകാര്യോഗ്യ സംഘടന പ്രതിനിധികളോട് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാനും ഹെങ്കിക്ക് സാധിച്ചിരുന്നില്ല. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു. ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന സിദ്ധന്തം അന്വേഷണ വിധേയമാക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കോവിഡ് പകര്‍ന്നത് ചൈനയിലെ ലാബില്‍ നിന്നാണെന്ന് ആരോപിച്ചിരുന്നു. അതേസമയം കോവിഡ് ഒന്നാം തരംഗ വേളയില്‍ വ്യാപകമായി ഇതൊരു ഗൂഢാലോചന സിദ്ധാന്തമായി തള്ളിക്കളഞ്ഞിരുന്നു.

എന്നാല്‍ 2019ല്‍ യുനാനിലുള്ള ഒരു വവ്വാല്‍ ഗുഹ സന്ദര്‍ശിച്ച ശേഷം വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ക്ക് രോഗം പിടിപെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ലാബ് സിദ്ധാന്തം വീണ്ടും ചര്‍ച്ചയായത്. 

ഷി ഹെങ്കിയും സഹപ്രവര്‍ത്തകരും വുഹാന്‍ ലാബില്‍ ജനിതക മാറ്റം വരുത്തിയ വൈറസുകളെക്കുറിച്ച് പരീക്ഷണം നടത്തിയെന്ന് 2017ല്‍ പുറത്തിറങ്ങിയ ഒരു ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറസുകളെ കൂട്ടിയിണക്കി ജനിതക മാറ്റം വന്ന പുതിയൊരു ഹൈബ്രിഡ് വൈറസിനെ സൃഷ്ടിച്ചെന്നും ഇതില്‍ കുറഞ്ഞത് ഒരെണ്ണമെങ്കിലും മനുഷ്യരിലേക്ക് പകര്‍ന്ന് ഇരട്ടിക്കുന്നതാണെന്നും ജേണലില്‍ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വൈറസുകള്‍ എങ്ങനെയാണ് മറ്റു ജീവികളിലേക്ക് പടരുകയെന്ന് തിരിച്ചറിയാനുള്ള പഠനമാണ് നടത്തിയതെന്നും ഗെയിന്‍ ഓഫ് ഫങ്ഷണ്‍ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഷി ഹെങ്കി ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയത്.

content highlights:Chinese Scientist At Center Of Covid Controvery Denies Lab Leak Theory: Report