ബെയ്ജിങ്: ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും. യു.എസ്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാര്‍ഡ് പറഞ്ഞത്. അതേസമയം തങ്ങള്‍ ഇതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

100 അടി ഉയരവും 22 ടണ്‍ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.  ഇതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ചൈനീസ് വിദഗ്ധര്‍ പറയുന്നത്. എന്നാൽ അമേരിക്ക അപകട സാധ്യത തള്ളിക്കളയുന്നില്ല. 

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 'ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു' റിസ്‌ക് സോണ്‍ 'പ്രവചിക്കുന്നുണ്ട്. ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു. സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും അതിന്റെ പാതയെ ഗണ്യമായി മാറ്റുമെന്നും അവര്‍ പറയുന്നു. 

മെയ് എട്ടിനും പത്തിനും ഇടയിലുള്ള രണ്ടു ദിവസത്തിനുള്ളിലെ പതിക്കൂവെന്നാണ് യൂറോപ്യന്‍ ഏജന്‍സിയുടെ കണക്കുകൂട്ടല്‍. തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചിട്ടുണ്ടാകുമെന്നാണ് ചൈനയുടെ പ്രതികരണം. നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു.

ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്. ‌

അന്തരീക്ഷത്തിൽ വെച്ച് തകർന്നാലും റോക്കറ്റിന്റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഒരു വലിയ ഭാഗം അവശേഷിക്കും. ഇത് എവിടെ പതിക്കും എന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായമാണ് ഗവേഷകർക്ക്. ജനവാസ കേന്ദ്രത്തില്‍ ഇതു പതിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്. സമുദ്രത്തിലാകും ഇത് പതിക്കുകയെന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്.

content highlights: Chinese rocket debris set for re-entry by early Sunday- US R&D centre