പ്രതീകാത്മകചിത്രം
ബെയ്ജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ യുവാവിന് ചൈനയില്‍ വധശിക്ഷ നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് രാജ്യത്തെ പരമാവധി ശിക്ഷ നല്‍കിയത്. ടിക് ടോക്കിന് സമാനമായ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ഡൗയിനില്‍ ലൈവ് സ്ട്രീമിങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ലാമു എന്നറിയപ്പെടുന്ന മുപ്പതുകാരി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ താങ് ലൂവിന്റെ ശിക്ഷ നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.
2020 സെപ്റ്റംബറിലാണ് സംഭവം നടന്നത്. 2020 ജൂണില്‍ താങും ലാമുവും വിവാഹമോചനം നേടിയിരുന്നു. ദാമ്പത്യജീവിതത്തിനിടെ ലാമുവിന് ഭര്‍ത്താവില്‍ നിന്ന് കടുത്ത പീഡനം നേരിടേണ്ടി വന്നിരുന്നതായാണ് റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ശേഷവും താങ് ലാമുവിനെ നിരന്തരം ശല്യപ്പെടുത്തുകയും തന്നെ വീണ്ടും വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
തന്റെ ദൈനംദിന ജീവിതത്തില്‍ നിന്ന് പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഡൗയിനിലൂടെ പങ്കുവെക്കുന്നതിനിടെയാണ് ലാമു ആക്രമിക്കപ്പെട്ടത്. ലാമുവിന്റെ പിന്നില്‍ പ്രത്യക്ഷപ്പെട്ട താങ് ലാമുവിന്റെ മുകളില്‍ ഗ്യാസോലിന്‍ ഒഴിക്കുന്നതും തീ കത്തിക്കുന്നതും ലൈവായി ആളുകള്‍ കണ്ടിരുന്നു.
വൈകാതെ താങ് അറസ്റ്റുചെയ്യപ്പെടുകയും 2021 ഒക്ടോബറില്‍ വധശിക്ഷ ലഭിക്കുകയും ചെയ്തു. വധശിക്ഷ ഒഴിവാക്കാനുള്ള താങിന്റെ ഹര്‍ജി 2022 ജനുവരിയില്‍ കോടതി തള്ളിയിരുന്നു. വിഷസമാനമായ മരുന്ന് കുത്തിവെച്ചോ വെടിവച്ചോ ആണ് ചൈനയില്‍ സാധാരണയായി വധശിക്ഷ നടപ്പാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..