വ്ളാദിമിർ പുതിൻ, ഷി ജിൻപിങ്, നരേന്ദ്ര മോദി | ഫോട്ടോ: എ.പി.
വാഷിങ്ടണ്‍: പാകിസ്താനും ശ്രീലങ്കയ്ക്കും ചൈന വായ്പ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പണം കടം നല്‍കുന്നത് വഴി അവരെ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണള്‍ഡ് ലൂ പറഞ്ഞു. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നീണ്ടുനില്‍ക്കുന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ലൂ.
ഇന്ത്യ ഉള്‍പ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ചൈന പോലെയുള്ള ബാഹ്യശക്തികളുടെ പ്രേരണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരോടു സംസാരിക്കുമെന്നും ലൂ പറഞ്ഞു. ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായി യു.എസ് തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ നടത്തിയെന്നും ലൂ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ചാരബലൂണ്‍ വിവാദങ്ങള്‍ക്കു മുമ്പ് നടത്തിയ അത്തരം ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചൈന ഡെവലപ്പ്‌മെന്റ് ബാങ്കില്‍ നിന്നും 700 മില്യണ്‍ യു.എസ്. ഡോളറിന്റെ വായ്പ അനുവദിച്ചതായി പാക് ധനകാര്യമന്ത്രി ഇഷാഖ് ധര്‍ അറിയിച്ചിരുന്നു. ഈ പശ്ചാലത്തിലാണ് യു.എസ്. സ്റ്റേറ്റ് അസിസ്റ്ററ്റന്റ് സെക്രട്ടറിയുടെ പ്രതികരണം.
ഏതെങ്കിലും രാജ്യങ്ങള്‍ക്കെതിരെയുള്ള സംഘടനയല്ല ക്വാഡ് എന്നും ഇന്തോ-പസഫിക് മേഖലയിലെ പ്രശ്‌നപരിഹാരത്തിനുള്ള മൂല്യങ്ങള്‍ പ്രചരിപ്പിക്കുക മാത്രമാണ് ക്വാഡിന്റെ ലക്ഷ്യമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി ലൂ പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനികബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൈനിക കരാറുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ റഷ്യ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിതെന്നായിരുന്നു ലൂവിന്റെ മറുപടി. സൈനിക സഹായം നല്‍കാന്‍ റഷ്യയ്ക്ക് കഴിയുമോ എന്നാവും ഇന്ത്യക്കാരുടെ ആശങ്ക എന്നും ലൂ പറഞ്ഞു.
റഷ്യയുടെ കാര്യത്തില്‍ ഇന്ത്യ യുദ്ധം എന്ന പ്രയോഗം ഒഴിവാക്കുന്നു എന്ന ആരോപണത്തെ ലൂ തള്ളിക്കളഞ്ഞു. 'കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് നിങ്ങള്‍ കേട്ടതാണ്. സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ യുഎന്നില്‍ പറഞ്ഞതും ഈ യുദ്ധം നയതന്ത്ര മാര്‍ഗങ്ങളിലൂടെയും യുഎന്‍ തത്വങ്ങള്‍ക്കൊപ്പവും അവസാനിപ്പിക്കണമെന്നാണ്. നവംബറില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞത് റഷ്യയുടെ ആണവായുധം പ്രയോഗിക്കാനുള്ള ഭീഷണി അംഗീകരിക്കാനാവില്ലെന്നും അത് മനുഷ്യത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണെന്നും ലൂ ചൂണ്ടിക്കാട്ടി. അതിനാല്‍, യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് വിമുഖതയുണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. അവര്‍ ആ വാക്കുതന്നെ ഉപയോഗിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ലൂ പറഞ്ഞു.
Content Highlights: china, loans, pakistan, srilanka, india, economic crisis,coercive leverage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..