ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമാണെന്ന് അവകാശപ്പെട്ട് ചൈന. പരീക്ഷണത്തിലൂടെ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും വാക്‌സിന്റെ അന്തിമ പരീക്ഷണം ഉടന്‍ നടത്തുമെന്നും ചൈന വ്യക്തമാക്കി.

ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകര്‍ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിച്ചത്. വാക്‌സിന്‍ നല്‍കിയ എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു.  

108 പേരുടെ ശരീരത്തിലും രണ്ടാഴ്ചക്കുള്ളില്‍ പ്രതിരോധ കോശമായ 'ടി സെല്‍' വികസിച്ചെന്നും 28 ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും വാക്‌സിന്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. 

അമേരിക്ക, ഇസ്രേയല്‍ അടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അതിന് അംഗീകാരം നല്‍കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായിരുന്നില്ല. ആദ്യഘട്ട മരുന്ന്‌ പരീക്ഷണം വിജയകരമാണെന്ന് യുഎസ് മരുന്ന് നിര്‍മാതാക്കളായ മൊഡേണയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ വിജയിച്ചെന്ന് ചൈനയും അവകാശപ്പെട്ടത്.

content highlights: Chinese COVID vaccine shows promising result