ബെയ്ജിങ്: ആജീവനാന്തകാലം മദ്യം വീട്ടിലെത്തും. മുടക്കേണ്ടത് വെറും 1675 ഡോളര്‍ (ഏകദേശം 109194 രൂപ). ചൈനയിലെ ഒരു മദ്യക്കമ്പനിയുടെ ഓഫറാണിത്.

നവംബര്‍ 11ന് ആരംഭിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഡബിള്‍ പതിനൊന്നിനോട് അനുബന്ധിച്ച് ജിയാങ് ഷിയാവോ ബെയ് മദ്യക്കമ്പനിയാണ് ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്.

99 പേര്‍ക്കാണ് അവസരമെന്ന് എ എഫ് പി റിപ്പോര്‍ട്ടില്‍ പറയുന്നു. ചോളത്തില്‍നിന്ന് തയ്യാറാക്കുന്ന ചൈനീസ് മദ്യം ബൈജിയുവാണ് 99 പേര്‍ക്കും ആജീവനാന്തകാലം ലഭിക്കുക.

ഇ കൊമേഴ്‌സ് അതികായന്‍ ആലിബാബയുടെ ബിസിനസ് ടു കസ്റ്റമര്‍ പ്ലാറ്റ് ഫോമായ ടി മാളിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് മദ്യം ലഭിക്കുക. ഓരോ മാസവും 12 പെട്ടി മദ്യം ലഭിക്കും.

ഓരോ പെട്ടിയിലും 12 കുപ്പികളുണ്ടാവും. മദ്യത്തിന്റെ ആജീവനാന്ത വരിക്കാരനായ ആള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മരിച്ചാല്‍ കുടുംബത്തിലെ മറ്റൊരാള്‍ക്ക് മദ്യം ലഭിക്കും.

തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങ്ങിലാണ് മദ്യക്കമ്പനിയുടെ ആസ്ഥാനം. അമേരിക്കയുടെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് ഫെസ്റ്റിവലിനു സമാനമായ ചൈനയിലെ ഷോപ്പിങ് ഫെസ്റ്റിവലാണ് ഡബിള്‍ 11.

content highlights: Chinese Company Offers Lifetime Supply of Liquor