പ്രതീകാത്മക ചിത്രം | Photo: AFP
ബെയ്ജിങ്: രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. പ്രതിസന്ധി മറികടക്കാൻ നിരവധി നിർദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകർ ചൈനീസ് സർക്കാരിന് മുമ്പിൽ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോൾ സർക്കാരിനൊപ്പം നിന്ന് ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനായി ചൈനയിലെ ചില കോളേജുകളിൽ വിദ്യർഥികൾക്ക് പ്രണയിക്കാൻ വേണ്ടി അവധി നൽകിയിരിക്കുകയാണെന്ന് എൻ.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഏഴ് കോളേജുകളിലാണ് നിലവിൽ അവധി നൽകിയിരിക്കുന്നത്. ഫാൻ മേ എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ കീഴിലുള്ള മിയാൻയാങ് ഫ്ലൈയിങ് വൊക്കേഷണൽ കോളേജാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ പ്രഖ്യാപിച്ച അവധി, 'പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിതത്തെ സ്നേഹിക്കാനും അവധി ആഘോഷിച്ച് അതുവഴി പ്രണയിത്തിലേർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് അധികൃതരുടെ വിശദീകരണം.
അവധിക്കാലത്ത് വിദ്യാർഥികൾക്ക് ഹോം വർക്കുകളും നൽകിയിട്ടുണ്ട്. ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കൽ, വ്യക്തിത്വ വികസനം രേഖപ്പെടുത്തൽ തുടങ്ങിയവ അവധിയാഘോഷത്തിനിടെ ഹോംവർക്കായി ചെയ്യണമെന്നാണ് നിർദേശം.
പ്രതിസന്ധി മറികടക്കാൻ നേരത്തെ സർക്കാർ തലത്തിലും പല നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. അതിൽ ഒന്നായിരുന്നു പുരുഷധനം നിരുത്സാഹപ്പെടുത്തണം എന്നുള്ളത്. മുപ്പതിനുമേൽ പ്രായമുള്ള, വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം ചൈനയിൽ വർധിക്കുന്നതിന്റെ കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയിരുന്നു. വധു ആവശ്യപ്പെടുന്ന തുക നൽകാനാവാത്തതിനാൽ ഒട്ടേറെ യുവാക്കൾ വിവാഹം വേണ്ടെന്നുവെക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പുറമെയാണ് ഇത് നിരുത്സാഹപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് സർക്കാർ തന്നെ രംഗത്തെത്തിയത്.
കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ചൈനയിൽ ആദ്യമായി കഴിഞ്ഞവർഷം ജനസംഖ്യാശോഷണം റിപ്പോർട്ടുചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, വിവാഹം ധനസമ്പാദനമാർഗമാക്കുന്നത് തടയാനാണ് സർക്കാർ തീരുമാനം. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതൽപേർ ദാമ്പത്യജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണം നടക്കുന്നുണ്ട്.
Content Highlights: Chinese colleges extend spring break as birth rates plummet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..