ബെയ്ജിങ്‌: ഷെയര്‍ ഓട്ടോ ഷെയര്‍ ടാക്‌സി പദ്ധതികള്‍ പോലെ ഷെയര്‍ അംബ്രലാ പദ്ധതി തുടങ്ങിയ ചൈനീസ് കമ്പനിക്ക് നഷ്ടമായത് മൂന്നു ലക്ഷത്തോളം കുടകള്‍. ഇന്ത്യന്‍ റുപ്പി ഒമ്പത് കോടിയിലധികം രൂപ മുതല്‍മുടക്കി തുടങ്ങിയ ഇ- അംബ്രലാ എന്ന ചൈനീസ് കമ്പനിക്കാണ് പദ്ധതിയിലൂടെ വമ്പന്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. 

ചൈനയിലെ 11 നഗരങ്ങളിലായി റെയില്‍വേ സ്റ്റേഷനുകളുടെയും ബസ് സ്റ്റേഷനുകളുടെയും സമീപത്തായിരുന്നു ഇ- അംബ്രലാ സ്റ്റാന്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഏപ്രിലില്‍ തുടങ്ങിയ പദ്ധതിലൂടെ ഇന്ത്യന്‍ വില 180 രൂപയ്ക്കാണ് കുട വാടകയ്‌ക്കെടുക്കാന്‍ കഴിഞ്ഞിരുന്നത്. ഓരോ അര മണിക്കൂറിലും 5 രൂപ വച്ച് എക്‌സ്ട്രാ ചാര്‍ജ് കൊടുത്ത് കൂടുതല്‍ നേരം കുട ഉപയോഗിക്കാം. 

മൊബൈല്‍ ആപ്പിലൂടെ പണമടയ്ക്കുന്ന ഉപഭോക്താവിന് സ്റ്റാന്‍ഡില്‍ നിന്നും ലോക്ക് തുറന്ന് കുട എടുക്കുവാനുള്ള പ്രത്യേക കോഡ് മൊബൈലിലൂടെ ലഭിക്കും. എന്നാല്‍ ഇങ്ങനെ എടുക്കുന്ന കുടകള്‍ എവിടെ തിരികെ വയ്ക്കണം എന്നതു സംബന്ധിച്ച് കൃത്യമായ മര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതാണ് ഇത്രയധികം കുടകള്‍ നഷ്ടപ്പെടാന്‍ കാരണം. 

ഒരു കുടയിലൂടെ കമ്പനിക്ക് ഏകദേശം 570 രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്ന് കമ്പനിയുടെ സ്ഥാപകന്‍ ഷാഓ ഷൂപിങ് പറഞ്ഞു. പക്ഷേ, താന്‍ പിന്മാറാന്‍ തയ്യാറല്ലെന്നും ഇനിയും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷൂപിങ് പറയുന്നു. മഴക്കാലത്ത് കുടകള്‍ക്ക് വീണ്ടും ആവശ്യക്കാര്‍ കൂടും. ആ സമയത്ത് വീണ്ടും പദ്ധതിയുമായി എത്താനാണ് ഷൂപിങിന്റെ തീരുമാനം.