കാഠ്മണ്ഡു (നേപ്പാള്‍): ഹുംലയില്‍ നേപ്പാളിന്റെ ഭൂമി ചൈന കൈയേറിയെന്ന വിവരം പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ താന്‍ ഭീഷണി നേരിടുന്നുവെന്ന് വ്യക്തമാക്കി നേപ്പാളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജീവന്‍ ബഹാദൂര്‍ ഷാഹി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ചൈന ആയിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന നിര്‍മാണ പ്രവര്‍ത്തനം നടത്തിയതായി കര്‍ണാലു പ്രവിശ്യയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഷാഹി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കെ.പി ശര്‍മ ഒലി സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്. കൈയേറ്റത്തെക്കുറിച്ച് അറിയില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നത്. ചൈനയുടെ കൈയേറ്റത്തെപ്പറ്റി ഷാഹി വാര്‍ത്താ സമ്മേളനം നടത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വളച്ചൊടിച്ചതാണെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പറഞ്ഞ കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
എംബസിയില്‍നിന്ന് ലഭിച്ച കത്ത് ഭീഷണിയുടെ സ്വരത്തില്‍ ഉള്ളതാണെന്നാണ് നേപ്പാളി കോണ്‍ഗ്രസ് നേതാവ് പറയുന്നത്. നേപ്പാളിന്റെ ഭൂപ്രദേശത്ത് ചൈന ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ഈ പ്രദേശത്ത് ചൈനീസ് സമയം ഏര്‍പ്പെടുത്തി. നേപ്പാളിന്റെ ഹെലിക്കോപ്റ്ററുകളെ ഈ പ്രദേശത്തിന് മുകളിലൂടെ പറക്കാന്‍ അനുവദിക്കുന്നില്ല. എന്നിട്ടും സ്വന്തം ഭൂപ്രദേശം വിട്ടുനല്‍കണമെന്ന് അവകാശപ്പെടാന്‍ നേപ്പാള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈനയുമായി ചര്‍ച്ച നടത്താന്‍ ഉത്തതതല സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേപ്പാള്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.
എന്നാല്‍, സര്‍ക്കാരിന് നല്‍കിയ കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റം സംബന്ധിച്ച തന്റെ വെളിപ്പെടുത്തല്‍ തെറ്റെന്ന് തെളിഞ്ഞാന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്നും ജീവന്‍ ബഹാദൂര്‍ ഷാഹി വ്യക്തമാക്കി. നേപ്പാളിന്റെ ഭൂപ്രദേശം കൈയേറിയിട്ടില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം ചൈനയെ വെല്ലുവിളിച്ചു.
Content Highlights: China will be responsible if anything unfortunate happens to me, says Nepal opposition leader