Donald Trump | Photo: Alex Brandon/ AP
വാഷിങ്ടണ്‍: യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്നും അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്‌വാനായിരിക്കുമെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്‌വാന്‍ ആക്രമിക്കാന്‍ പോകുകയാണെന്നും ഫോക്‌സ് ബിസിനസ്സിന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
' പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള്‍ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു... ഇപ്പോഴും പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം" - യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരായ ആക്രമണം ശക്തമാക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
യുക്രൈനില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുതിന്‍ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയെന്നും എന്നാല്‍ ബൈഡന്‍ ഇത് കുറച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ജയം ആരുടെ പക്ഷത്തായാലും നേട്ടം ചൈനയ്ക്കാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. യു.എസിന്റെയും നാറ്റോയുടെയും ശ്രദ്ധ റഷ്യയിലേക്കു തിരിയുമ്പോള്‍ ചൈനയ്ക്ക് ഇന്തോ-പസഫിക് മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കൂടുതല്‍ അവസരം കിട്ടുമെന്നായിരുന്നു വിലയിരുത്തല്‍. റഷ്യ യുക്രൈനോടുചെയ്യുന്നതുപോലെ സ്വയംഭരണപ്രദേശമായ തയ്വാനില്‍ അധിനിവേശം നടത്താന്‍പോലും ചൈനീസ് സേന ശ്രമിക്കാനുമിടയുണ്ടെന്ന് പലരും വിലയിരുത്തിയിരുന്നു.
Content Highlights: Taiwan may be next for invasion says Donald Trump
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..