ബെയ്ജിങ്: തായ്‌വാനുമായി ഇടപാടുകള്‍ നടത്തുന്ന ലോക്ഹീഡ് മാര്‍ട്ടിന്‍ അടക്കമുള്ള അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. തായ്‌വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക ഉടന്‍ നിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആവശ്യപ്പെട്ടു.
തായ്‌വാനുമായി ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍ എന്നീ കമ്പനികള്‍ 100 കോടി ഡോളറിന്റെ മിസൈല്‍ വ്യാപാരം നടത്തിയിരുന്നു. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 135 മിസ്സൈലുകള്‍ തായ്‌വാന് വില്‍പന നടത്തുന്ന കാര്യം അമേരിക്ക കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ആറ് എംഎസ്-110 വ്യോമനിരീക്ഷണ ഉപകരണങ്ങളും 11 എം 142 മൊബൈല്‍ ലൈറ്റ് റോക്കറ്റ് ലോഞ്ചറുകളും തായ്‌വാന് നല്‍കുന്നുണ്ട്.
1949 ലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സ്വതന്ത്രരാജ്യമായിമാറിയ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാത്ത തായ്‌വാനും ചൈനയും തമ്മില്‍ സംഘര്‍ഷാത്മകമായ ബന്ധമാണ് നിലനില്‍ക്കുന്നത്. തായ്‌വാനെതിരെ ചൈന സൈനിക നീക്കങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ സൈനിക ശേഷി ആര്‍ജിക്കാന്‍ തായ്‌വാന്‍ ശ്രമിക്കുന്നത്.
അമേരിക്കയും തായ്‌വാനും തമ്മിലുള്ള അടുപ്പം ചൈന ആശങ്കയോടെയാണ് കാണുന്നത്. ഇതിനെ ചെറുക്കുന്നതിനാണ് ഇപ്പോള്‍ ചൈന അമേരിക്കന്‍ കമ്പിനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നത്. ചൈനയുടെ ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ഇത്തരം നടപടികള്‍ തുടരുമെന്നും സാവോ ലിജിയാന്‍ പറഞ്ഞു.
Content Highlights: China To Sanction Lockheed Martin, Boeing Unit Over Taiwan Arms Sale