ചൈന: സ്വന്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിനുകള്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ബെയ്ജിങ് ട്രേഡ് ഫെയറിലാണ് വാക്‌സിനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇവ വിപണിയില്‍ എത്തിയിട്ടില്ല. എന്നാല്‍ സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഇവയ്ക്ക് ഈ വര്‍ഷം അവസാനംതന്നെ അനുമതി ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
വാക്‌സിന്‍ ഉത്പാദനശാലയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് സിനോവാക് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം. വാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെ നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം പറയുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അവര്‍ പറയുന്നു.
ചൈന വികസിപ്പിക്കുന്ന വാക്‌സിനുകളുടെ വില ഒരിക്കലും ഉയര്‍ന്നതാവില്ലെന്ന് ഗ്ലോബല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനിയായ സിനോഫാമിന്റെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞുവെന്നും ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കോവിഡ് സ്ഥിതിഗതികള്‍ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന വാക്‌സിനുകള്‍ക്ക് മുന്നില്‍ ജനം തിങ്ങിക്കൂടിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ കോവിഡ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന വിമര്‍ശം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ചൈന നേരിടുകയാണ്. എന്നാല്‍, കോവിഡ് പോരാട്ടം വിജയിച്ചതിന്റെ സ്മാരകമായി കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം പുനരുദ്ധരിക്കാനാണ് ചൈനയുടെ നീക്കമെനനാണ് അധികൃതര്‍ പറയുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെയും അതിവേഗം വാക്‌സിന്‍ വികസിപ്പിക്കാനായത് വലിയ നേട്ടമാണെന്നും അവര്‍ അവകാശപ്പെടുന്നു. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചത്.
Content Highlights: China shows off COVID 19 vaccine for the first time