ബെയ്ജിങ്:  ചൈനയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് 15 അംഗങ്ങളുള്ള ആനക്കൂട്ടം ഇറങ്ങിനടക്കാന്‍ തുടങ്ങി. നടന്ന് നടന്ന്  500 കിലോമീറ്ററാണ് ആനക്കൂട്ടം ഇതുവരെ സഞ്ചരിച്ചത്. നടത്തം വെറും കാട്ടിലൂടെ മാത്രമാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. കാടും നാടും റോഡും എന്തിന് വീട് പോലും ആനക്കൂട്ടത്തിനൊരു പ്രശ്‌നമായില്ല. ചൈനയിലെ തിരക്കുള്ള നഗരങ്ങളില്‍ പോലും ആരെയും കൂസാതെ ആനക്കൂട്ടം ട്രെക്കിങ് തുടര്‍ന്നു. ഈ നടത്തത്തില്‍  10 ലക്ഷം ഡോളറിന്റെ(ഏകദേശം ഏഴ് കോടി രൂപ) നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. 

ജനവാസകേന്ദ്രങ്ങളിലെത്തി സ്വന്തം വീടുപോലെ കിട്ടുന്നതെല്ലാം എടുത്ത് തിന്നും കുടിച്ചുമാണ് നടത്തം. ആനക്കൂട്ടം സഞ്ചരിച്ച വഴികളെല്ലാം ഏതാണ്ട് 'കാട്ടാന കരിമ്പിന്‍ തോട്ടത്തില്‍ കയറി' എന്ന പോലെ ആയിട്ടുണ്ട്.  ഡ്രോണുകളില്‍ ആനക്കൂട്ടത്തിന്റെ സഞ്ചാരം അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്.  

wandering elephants
ആനക്കൂട്ടം  Photo: AP   

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുനാന്‍ പ്രവിശ്യയിലെ പുയെ നഗരത്തിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ആനക്കൂട്ടം നടത്തം തുടങ്ങിയത്. കൂട്ടത്തില്‍ കുട്ടിയാനകളും ഉണ്ട്. ആനക്കൂട്ടത്തിന്റെ ട്രെക്കിങ്ങിന്റെ ദൃശ്യങ്ങള്‍  ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍  ഇപ്പോള്‍ ആനക്കൂട്ടം കിടന്നുറങ്ങുന്നൊരു ചിത്രം സോഷ്യല്‍  മീഡിയയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. 

wandering elephants
 കിടന്നുറങ്ങുന്ന ആന |  Photo: AP 

ചൈനയിലെ കുമിങ്ങ് കാടിനുള്ളില്‍ നടന്നു തളര്‍ന്ന് ആനക്കൂട്ടം നീണ്ടുനിവര്‍ന്ന് ബോധം കെട്ടുറങ്ങുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂട്ടത്തിലെ കുട്ടികള്‍ ചാടി പോകാതിരിക്കാനായി  അവരെ നടുക്കുകിടത്തി ചുറ്റിനും കിടന്നുറങ്ങുകയാണ് മറ്റ് ആനകള്‍. 

wandering elephants
 കിടന്നുറങ്ങുന്ന ആനക്കൂട്ടം |  Photo: AP 

ആനക്കൂട്ടത്തിന്റെ ഈ ട്രെക്കിങ്ങ് ചൈനയിലെ ടെലിവിഷന്‍ ചാനല്‍ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആനയുടെ സഞ്ചാരദിശ മനസിലാക്കി ജനങ്ങളോട് മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍. ആനയ്ക്ക് തിന്നാനും കുടിയ്ക്കാനും പാകത്തില്‍ വീടിന്റെ മുറ്റത്തോ പരിസരങ്ങളിലൊ ഒന്നും വയ്ക്കരുതെന്നും അധികൃതര്‍ പ്രദേശ വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

wandering elephants
നടന്നു നീങ്ങുന്ന ആനകള്‍| photo: AP 

  

ആനക്കൂട്ടത്തിന്റെ സഞ്ചാര ലക്ഷ്യം ഇതുവരെ പിടികിട്ടിയിട്ടില്ല. ചൈനമാത്രമല്ല ലോകം മുഴുവനും ഈ പുറപ്പെട്ട് പോക്ക് എങ്ങോട്ടാണെന്നറിയാനുള്ള ആകാംഷയിലാണ് .

Elephant
നടന്നു നീങ്ങുന്ന ആനകള്‍ | Photo: AP 

Content Highlight: China's wandering elephants Viral photo