വാഷിങ്ടണ്‍: നിയന്ത്രണം വിട്ട നിലയില്‍ താത്കാലിക ഭ്രമണപഥത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ റോക്കറ്റിനെ കുറിച്ചുള്ള ആശങ്ക തുടരുന്നു. ലോങ് മാര്‍ച്ച്-5B റോക്കറ്റിന്റെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ചും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെ സംബന്ധിച്ചുമുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ആശങ്ക. ബാഹ്യനിയന്ത്രണമില്ലാതെയുള്ള ഏറ്റവും ശക്തമായ റോക്കറ്റ് പുനഃപ്രവേശനങ്ങളിലൊന്നായിരിക്കും ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വാരാന്ത്യത്തോടെ റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് നിഗമനം. 

റോക്കറ്റിന്റെ സഞ്ചാരദിശ നിര്‍ണയിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. റോക്കറ്റിന്റെ  ഭൗമാന്തരീക്ഷപ്രവേശനം മേയ് എട്ടോടെയായിരിക്കുമെന്നും റോക്കറ്റിന്റെ ഭാരമേറിയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഏതൊക്കെ ഭാഗങ്ങളില്‍ പതിക്കുമെന്ന കാര്യം അവ്യക്തമാണെന്നും യുഎസ് സ്‌പേസ് കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റോക്കറ്റിന്റെ പ്രവേശനസ്ഥാനം ഭൗമാന്തരീക്ഷത്തിലെ പ്രവേശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമേ നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളുവെന്നും റോക്കറ്റിന്റെ സഞ്ചാരഗതി മേയ് നാല് മുതല്‍ പിന്തുടരാന്‍ ആരംഭിച്ചതായും സ്‌പേസ് കമാന്‍ഡ് അറിയിച്ചു. 

ഏകദേശം നൂറടിയോളം വലിപ്പമുള്ള വസ്തു 90 മിനിറ്റിലൊരിക്കല്‍ ഭൂമിയെ ചുറ്റിസഞ്ചരിക്കുന്നതായും ന്യൂയോര്‍ക്കിന്റെ വടക്കും ബെയ്ജിങ്ങിലും ന്യൂസിലന്‍ഡിലും ആകാശത്ത് ഈ വസ്തു കാണപ്പെട്ടതായും ബഹിരാകാശനിരീക്ഷണ വെബ്‌സൈറ്റിനെ അടിസ്ഥാനമാക്കി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണ ചൈനയുടെ ലോങ് മാര്‍ച്ച്-5B റോക്കറ്റ് വിക്ഷേപണം അവസാനിച്ചത് എണ്ണമറ്റ ലോഹാവശിഷ്ടങ്ങള്‍ ആകാശത്ത് ഒഴുകി നടക്കുന്നതിലും നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നതിലുമായിരുന്നെന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റായ ജൊനാഥന്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു. 

ഭൂമിയുടെ എഴുപത് ശതമാനത്തോളം സമുദ്രമായതിനാല്‍ റോക്കറ്റിന്റെ പതനം ജനവാസമേഖലയിലാവാനുള്ള സാധ്യത കുറയ്ക്കുന്നതായി ജൊനാഥന്‍ പറയുന്നു. ചൈനയുടെ മനഃപൂര്‍വമുള്ള ശ്രദ്ധക്കുറവ് മൂലമുള്ള ഈ റോക്കറ്റ് പതനം 100 മൈലോളം ദൂരത്തില്‍ വ്യാപിക്കുന്ന ഒരു വിമാനാപകടത്തിന്റെ ഫലം ഉളവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ ബാഹ്യനിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ജൊനാഥന്റെ അഭിപ്രായം. 21 ടണ്ണാണ് ലോങ് മാര്‍ച്ച് 5Bയുടെ ഭാരം. 

ചൈനയുടെ ബഹിരാകാശനിലയത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ചുള്ള 11 ദൗത്യങ്ങളുടെ ഭാഗമായി 2020ൽ വിക്ഷേപിച്ചതാണ് ഇപ്പോള്‍ ഭൂമിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന റോക്കറ്റ്. ബഹിരാകാശത്തെ ആധിപത്യം സംബന്ധിച്ച് വിവിധ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന മത്സരത്തിന്റെ ഭാഗമായും ചൈനയുടെ ഈ മനഃപൂര്‍വമുള്ള ശ്രദ്ധക്കുറവിനെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2022 ല്‍ ചൈനയുടെ ബഹിരാകാശനിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

 

 

Content Highlights: China’s rocket Long March 5B could hit Earth this weekend