ബെയ്ജിങ്:  അരുണാചല്‍ പ്രദേശിന് മുകളിലുള്ള ചൈനയുടെ അവകാശവാദത്തില്‍ അര്‍ത്ഥമില്ലെന്ന് ചൈനീസ് നീരിക്ഷകന്‍. ചൈന തര്‍ക്കമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് രാജ്യത്തിന് മുതല്‍ക്കൂട്ടായിരിക്കില്ലെന്നും വെറും എല്ലിന്‍ കഷ്ണം മാത്രമായിരിക്കുമെന്നും ചൈനീസ് നീരിക്ഷകനായ  വാങ് താവോ താവോ പറഞ്ഞു. 

ദക്ഷിണ ടിബറ്റ് എന്ന് ചൈന വിളിക്കുന്ന അരുണാചലിന് മേല്‍ അവര്‍ ദീര്‍ഘകാലമായി അവകാശം ഉന്നയിക്കുകയാണ്. ഏപ്രിലില്‍ തവാങ്ങ് സന്ദര്‍ശിക്കാന്‍ ദലൈലാമക്ക് ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെ അരുണാചലിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കിയിരുന്നു. ഇതിനെ അവകാശവാദം സ്ഥിരീകരിക്കുന്ന നടപടി എന്നാണ് ചൈനീസ് ദേശീയ മാധ്യമം വിലയിരുത്തിയത്. 

എന്നാല്‍ ദലൈലാമക്കൊപ്പം അരുണാചല്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ചൈനയുടെ വാദങ്ങള്‍ തള്ളിയിരുന്നു. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അഭിഭാജ്യഘടകമാണെും അദ്ദേഹം പറഞ്ഞിരുന്നു.

അതിര്‍ത്തി മേഖലകള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമാണ്. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള അധിനിവേശം ചൈനയ്ക്ക് ഗുണകരമാകില്ലെന്ന് വാങ് താവോ താവോ നിരീക്ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ ദശയില്ലാത്ത വെറും എല്ലിന്‍ കഷ്ണം മാത്രമായിരിക്കും അരുണാചലെന്നും ഒരു ചൈനീസ് മാധ്യമത്തിലെത്തിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. 

അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ലേഖനം ചൈനീസ് മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡോക്ലോം പ്രദേശത്ത് റോഡ് നര്‍മിക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞതോടെ മേഖലയില്‍ ഒരു മാസത്തിലധികമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.