ബെയ്ജിങ്: കോവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ്‌ കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ചൈന വിസമ്മതിച്ചു. മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍ ഇത് സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങള്‍ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയുടെ സംഗ്രഹം മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ടീമിലെ അംഗമായ ഓസ്ട്രേലിയന്‍ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയര്‍ പറഞ്ഞു.

തുടക്കത്തിലെ 174 കേസുകളില്‍ പകുതിയും വുഹാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ വിവരം ലഭിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് വിവരം ലഭിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ കാരണം രാഷ്ട്രീയമാണോ അതോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാണോ എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനുവരിയില്‍ ചൈനയിലെത്തിയ സംഘം കോവിഡ് -19 ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി നാല് ആഴ്ച ചൈനയില്‍ ചെലവഴിച്ചിരുന്നു. കോവിഡിന്റെ തുടക്കം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെയ്ക്കുന്നതായും ആരോപണമുണ്ടായിരുന്നു.

Content Highlights: China Refused to Provide WHO Team With Raw Data on Early Covid-19 Cases