ബെയ്ജിങ്: പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. പരസ്പരം ബഹുമാനിക്കുക എന്നതാണ് ഇരുരാജ്യങ്ങളുടെയും മുന്നിലുള്ള ശരിയായ വഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം. 

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഞങ്ങള്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ അടുത്ത അയല്‍ക്കാരാണ്. നാമെല്ലാം നൂറ് കോടിയിലധികം ജനസംഖ്യയുള്ള വളര്‍ന്നുവരുന്ന രാജ്യങ്ങളാണ് '- മോദിയുടെ പ്രസംഗത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. 

ഉഭയകക്ഷി ബന്ധത്തിന്റെ വികസനം രണ്ട് ജനതയുടെ താത്പര്യം മാത്രമല്ല, മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ലോകത്തിന്റെ അഭിവൃദ്ധിക്കും സഹായിക്കുമെന്നും ലിജിയാന്‍ പറഞ്ഞു. നമ്മുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പരസ്പരം ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇരുപക്ഷത്തിനും ശരിയായ വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: China reacts to PM Modi’s Independence Day speech, remarks on ties with India