നാൻസി പെലോസി | ഫോട്ടോ: എ.പി.
ബീജിങ്: തായ്‌വാനില്‍ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ചൈന. തായ്‌വാനിലേക്ക് മണല്‍ കയറ്റി അയക്കുന്നതിനും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സന്ദര്‍ശനം രൂക്ഷമായ നയതന്ത്ര പ്രശ്‌നങ്ങളിലേക്കാണ് വഴിതുറന്നിരിക്കുന്നതെന്ന സൂചനകളാണ് ചൈനയുടെ പുതിയ നടപടിയുടെ വ്യക്തമാവുന്നത്.
അതേസമയം, കീടനാശിനികളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതുകൊണ്ടാണ് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് ചൈനീസ് കസ്റ്റംസ് വിഭാഗം നല്‍കുന്ന വിശദീകരണം. കീടനാശി സാന്നിധ്യം സംബന്ധിച്ച് നേരത്തെ തായ്‌വാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവര്‍ത്തിച്ച് നടത്തിയ പരിശോധനയില്‍ ചില പഴങ്ങളില്‍ (സിട്രസ് ഫ്രൂട്ട്‌സ്) കൂടിയ അളവിലുള്ള കീടനാശിനി സാന്നിധ്യമാണ് കണ്ടെത്തിയത്. കൂടാതെ പാക്കേജുകളുടെ വിശദമായ പരിശോധനയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തായ്‌വാനിലേക്ക് മണല്‍ കയറ്റി അയക്കുന്നതിനും നിരോധനുമുണ്ട്. ഇതുസംബന്ധിച്ച് ചൈനീസ് വാണിജ്യമന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ എന്തുകൊണ്ടാണ് നിരോധനമെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
തായ്‌വാനില്‍ നിന്നുള്ള ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന നേരത്തേയും നിരോധനമേര്‍പ്പെടുത്തിയിരുന്നു. 2021-ല്‍ കൈതച്ചക്ക ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
ചൈനയുടെ മുന്നറിയിപ്പുകളെ വകവെക്കാതെ ചൊവ്വാഴ്ചയാണ് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. ചൈന അവകാശം ഉന്നയിക്കുന്ന സ്വയംഭരണപ്രദേശമായ തായ്‌വാനില്‍ കാല്‍നൂറ്റാണ്ടിനിടെ സന്ദര്‍ശനം നടത്തുന്ന ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി. സ്ഥാനക്രമത്തില്‍ പ്രസിഡന്റിനു തൊട്ടുതാഴെയുള്ള വ്യക്തി കൂടിയാണ്.
'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്നാണ് നാന്‍സി പെലോസി സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ തായ്‌വാനെ വിശേഷിപ്പിച്ചത്. താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്‌വാന്‍ സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും പെലോസി വ്യക്തമാക്കിയിരുന്നു.
പെലോസിയുടെ സന്ദര്‍ശനം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. സ്വയംഭരണപ്രദേശമായ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. പെലോസിയുടെ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച ചൈന, പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസിന് മുന്നറിയിപ്പുനല്‍കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അങ്ങേയറ്റം ജാഗ്രതയിലാണെന്നും തയ്‌വാനിലെ വിദേശ ഇടപെടലിന് മറുപടിയായി പ്രത്യേക സൈനികവിന്യാസം ഉണ്ടാകുമെന്നും ചൈനീസ് സൈനികവക്താവ് വു ക്വിയാന്‍ പറഞ്ഞു.
നാന്‍സി പെലോസിയുടെ സന്ദര്‍ശനം ഏക ചൈനാനയത്തെ ഒരുരീതിയിലും സ്വാധീനിക്കില്ലെന്നാണ് യു.എസിന്റെ വിശദീകരണം. നാന്‍സി പെലോസിയുടെ സന്ദര്‍ശനം പ്രകോപനമാണെന്ന് റഷ്യ വിമര്‍ശിച്ചു. ചൈനയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശനത്തെ ഇറാനും അപലപിച്ചിട്ടുണ്ട്.
Content Highlights: China Punishes Taiwan After US Speaker Nancy Pelosi's Visit


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..