ബെയ്ജിങ്: കോവിഡ് 19 വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ നാല്‍പ്പതിലധികം ഉദ്യോഗസ്ഥര്‍ക്കെതിരേ  നടപടിയെടുത്ത് ചൈന. കിഴക്കന്‍ നഗരമായ നാന്‍ജിങ്ങില്‍ നിന്നു തുടങ്ങിയ വൈറസ് വ്യാപനം രാജ്യത്തെ 31 പ്രവിശ്യകളുടെ പകുതിയോളം പ്രദേശത്തെ ബാധിച്ചു. മൂന്നാഴ്ചയില്‍ ആയിരത്തോളം പേര്‍ക്കാണ് ഡെല്‍റ്റ വൈറസ് ബാധയുണ്ടായത്. 

വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന ലോക്ക്ഡൗണും വ്യാപക പരിശോധനയും ഏര്‍പ്പെടുത്തിയെങ്കിലും വ്യാപനത്തെ തടുക്കാനായില്ല.  സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അച്ചടക്ക നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. പിഴ, സസ്പെന്‍ഷന്‍, അറസ്റ്റ് തുടങ്ങിയ ശിക്ഷാ നടപടികളുണ്ട്.

പ്രാദേശിക ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിമാനത്താവള അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരേ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

Content Highligts: China punished 40 officials for failing to control the Delta Varient