ബെയ്ജിങ്: അഫ്ഗാനിസ്ഥാനെ കൂടെ ഉള്‍പ്പെടുത്തി ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വികസിപ്പിക്കുമെന്ന് ചൈന. പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീഅറിയിച്ചു.

മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് ചൈന അറിയിച്ചിരിക്കുന്നത്. മേഖലയുടെ ആകെ വികസനമാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് അഫ്ഗാന്റെ സഹായം തേടുന്നത്. സാമ്പത്തിക ഇടനാഴി വികസിപ്പിക്കുന്നതിലൂടെ അഫ്ഗാന്‍ ജനതയുടെ പുരോഗതിയും തങ്ങള്‍ ലക്ഷ്യമാക്കുന്നതായും ചൈന അറിയിച്ചു.

ചെറുകിട പദ്ധതികളിലൂടെയാവും ത്രിരാഷ്ട്ര സഹകരണം ആരംഭിക്കുകയെന്നും വാങ് യീ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. ചൈന-പാക് ബന്ധം ഉരുക്ക് പോലെ ഉറച്ചതാണെന്നും ത്രിരാഷ്ട്ര സഖ്യത്തെ സ്വാഗതം ചെയ്യുന്നതായും പാകിസ്താന്‍ പ്രതികരിച്ചിട്ടുണ്ട്. 

കാബൂളില്‍ തീവ്രവാദം നടത്തുന്നതിന് പിന്നിലുള്ള ഭീകരസംഘടനകളെ പാകിസ്താന്‍ സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് കാലങ്ങളായി അഫ്ഗാനിസ്ഥാന്‍ പാകിസ്താനോട് ഇടഞ്ഞുനില്‍ക്കുന്നത്.