ഇസ്ലാമാബാദ്: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചുവോയെന്ന് സംശയം പ്രകടിപ്പിച്ച് പാക് മാധ്യമങ്ങള്‍ രംഗത്ത് വന്നു. ദ ന്യൂസ് ഇന്റര്‍നാഷണല്‍ ആണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരോ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്നൊഴിയാതെ നിലച്ചുകൊണ്ടിരിക്കുകയാണെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 5000 കോടി ഡോളറിന്റെ പദ്ധതിയാണ് ചൈന വിഭാവനം ചെയ്തിരുന്നത്.

തെക്കുകിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങിലേക്ക് ചൈനയ്ക്ക് നേരിട്ട് കവാടം ഒരുക്കുന്ന ശതകോടി ഡോളറിന്റെ പദ്ധതിയാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാണ് ഇത്. അഴിമതികളെ തുടര്‍ന്നാണ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായിരിക്കെയാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പദ്ധതിക്കെതിരെ വലിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി നിലച്ചതെന്നാണ് പാക് മാധ്യമം പറയുന്നത്. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ബലൂചിസ്താനില്‍ കൂടിയാണ് കടന്നുപോകുന്നത്. 

പദ്ധതിയുടെ പ്രധാനഭാഗമായ ഗ്വദ്ദാര്‍ തുറമുഖം ബലൂചിസ്താനിലാണ് നിര്‍മിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി ബലൂചിസ്താനില്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. അഴിമതി ആരോപണങ്ങള്‍ ചൈനീസ് സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇതേതുടര്‍ന്ന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ചൈന മരവിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇതിന് പുറമെ അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക്, അമേരിക്ക എന്നിവരുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ നയങ്ങളും പദ്ധതിക്ക് ദോഷം ചെയ്യുന്നുണ്ട്. സാമ്പത്തിക ഇടനാഴിക്കായി വന്‍തോതിലുള്ള നിക്ഷേപമാണ് ചൈന പാകിസ്താനില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നത് നിലച്ചാല്‍ അത് ചൈനയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: almost all CPEC projects - one by one - have come to halt