റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുതിനും ഷീ ജിങ് പിങ്ങും | ഫോട്ടോ: AP
യുക്രൈന് അധിനിവേശവുമായി ശക്തമായി റഷ്യ മുന്നോട്ട് പോകുമ്പോള്‍ പല നയതന്ത്ര വിദഗ്ധരും ഉറ്റുനോക്കുന്നത് ചൈന-തയ്വാന് പ്രശ്നത്തിലേക്കാണ്. റഷ്യ-യുക്രൈനെതിരെ ഇത്തരമൊരു യുദ്ധത്തിലേക്ക് നീങ്ങിയത് ഒരു ലൈസന്‍സായി കണ്ട് തയ്വാന് പിടിച്ചടക്കാന്‍ റഷ്യന്‍ മോഡല്‍ ആക്രമണത്തിന് ചൈന മുതിരുമോ എന്നുള്ളതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്ക.
റഷ്യ-യുക്രൈന് പ്രശ്നങ്ങളുമായി സമാനതകളുണ്ടെങ്കിലും അതിലും ഗുരുതരമാണ് തായ്്വാന്റെ സ്ഥിതി. തയ്വാന് തങ്ങളുടേതാണെന്ന് ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. റഷ്യയുടെ യുക്രൈന് അധിനിവേശത്തെ ചൈന പൂര്‍ണമായി പിന്തുണയ്ക്കുന്നതിന്റെ പിന്നിലെ കാരണങ്ങളിലൊന്നും ഇതുതന്നെയാണ്. ശക്തമായ സ്വേച്ഛാധിപത്യ ഗവണ്മെന്റില് നിന്നുള്ള ഭീഷണികളെ ചെറുക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ് തയ്വാന്.
എല്ലാ ലോകരാജ്യങ്ങളുടെയും ശ്രദ്ധ യുക്രൈനില്‍ കേന്ദ്രീകരിച്ചിരിക്കെ ഇപ്പോള്‍ തയ്വാനുസമീപം കിഴക്കന്‍ ചൈനക്കടലില്‍ സൈനികാഭ്യാസം നടത്തിയിരിക്കുകയാണ് ചൈന. യുക്രൈന് അധിനിവേശത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്ന നിലപാട് ചൈന തുടരുന്നതിനിടെയാണ് നടപടി. കിഴക്കന്‍ ചൈനക്കടലിലെ അജ്ഞാതകേന്ദ്രത്തില്‍ ലാന്‍ഡിങ് അഭ്യാസങ്ങള്‍ നടന്നതായി ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സ്വതന്ത്രരാജ്യമാണ് തങ്ങളെന്ന് തയ്വാനിലെ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. പുതിന്റെ സോവിയറ്റ് പുനരേകീകരണത്തിന് സമാനമായി ചൈനീസ് പുനരേകീകരണമെന്ന ആഗ്രഹം പ്രസിഡന്റ് ഷി ജിന്‍ പിങ്ങും പങ്കുവെച്ച സാഹചര്യത്തില്‍ ശ്രദ്ധേയമാണ് നടപടി.
ഔദ്യോഗികബന്ധമില്ലെങ്കിലും യു.എസ്. തയ്വാനും ആയുധം വിതരണം ചെയ്യുന്നുണ്ട്. യുക്രൈന് വിഷയത്തില്‍ സൈന്യത്തെ അയക്കില്ലെന്ന യു.എസ്. നിലപാട് ചൈനീസ് അധിനിവേശഭീഷണി നേരിടുന്ന തയ്വാനു പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അതിനിടെ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തയ്വാന് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയുടെ കിഴക്കന്‍ തീരത്ത് നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെ 23 ദശലക്ഷം ആളുകള്‍ വസിക്കുന്ന ദ്വീപായ തയ്വാന് ഒരു സ്വയം ഭരണ രാഷ്ട്രമാണ്. പക്ഷെ ചൈന പതിറ്റാണ്ടുകളായി രാജ്യത്തിന് മേല്‍ അവകാശം ഉന്നയിക്കുന്നുണ്ട്. 2016-ല്‍ തയ്വാനില് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ചൈനയുടെ അവകാശവാദത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇതോടെ ചൈന ദ്വീപില്‍ സൈനിക സമ്മര്‍ദം ശക്തമാക്കുകയും ചെയ്തു. ചൈനീസ് യുദ്ധകപ്പലുകളെ തയ്വാന് സമീപം വിന്യസിക്കുകയും രാജ്യത്തേക്ക് ഇടക്കിടെ യുദ്ധവിമാനങ്ങളും അയക്കാന്‍ തുടങ്ങിയതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നം കൂടുതല്‍ തീവ്രമാകുകയായിരുന്നു.
എന്നാല്‍ നേരിട്ടുള്ള യുദ്ധത്തിലേക്ക് പോയാല്‍ വന്നേക്കാവുന്ന നയതന്ത്ര പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ചൈന സംയമനം പാലിച്ചിരുന്നത്. അതിനാല്‍ തന്നെ റഷ്യയുടെ യുക്രൈന് ആക്രമണം ഒരു സുവര്‍ണാവസരമായാണ് ചൈന കാണുന്നത്.
Content Highlights: china may cash russian invasion on ukraine to invade taiwan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..