ബെയ്ജിങ്: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ ഒരു നഗരം കൂടി അടച്ചിടാന്‍ ചൈന തീരുമാനിച്ചു. ജിയോംഗി പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതോടെയാണ് ഈ തീരുമാനം.

ഒമിക്രോണ്‍ കാരണം ചൈനയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നഗരമാണ് അന്യാങ്. ഷിയാന്‍, യുഷൗ എന്നിവയാണ് നിലവില്‍ ലോക്ഡൗണിലുള്ള നഗരങ്ങള്‍. ഇതോടെ ഏതാണ്ട് ഇരു ദശലക്ഷത്തോളം ജനങ്ങള്‍ ഇപ്പോള്‍ അടച്ചിടലിലാണ്.

ജനങ്ങളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്നാണ് വിശദീകരണം. രണ്ട് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്യാങ് നഗരം അടച്ചിട്ടത്. നേരത്തെ വിദേശത്ത് നിന്നു വന്നവരില്‍ മാത്രമാണ് ഒമിക്രോണ്‍ വകദേഭം കണ്ടെത്തിയത്.  എന്നാല്‍ ഇതാദ്യമായാണ് നാട്ടില്‍ തന്നെയുള്ളവരില്‍ ഈ വകഭേദം കണ്ടെത്തുന്നത്. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ജനങ്ങളോട് വീടുകള്‍ വിട്ടു  പുറത്തുപോകുരുതെന്നും കടകള്‍ തുറക്കരുതെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.