ന്യൂഡല്‍ഹി: പാകിസ്താനില്‍ ചൈന സൈനിക തവളങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തിലെ ചൈന പ്രഖ്യാപിച്ച 'ഒരു ദേശം ഒരു റോഡ്' പദ്ധതിക്ക് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നതായി പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പറയുന്നത്. ചൈനയുമായി ദീര്‍ഘകാല സൗഹൃദം പുലര്‍ത്തുന്നതും സമാന നിലപാടുകളുള്ളതുമായ രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 

ജമ്മു- കശ്മീര്‍ മേഖലയില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനീസ് നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് ഇടയാക്കും. പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന ചൈന -പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) നടപ്പാക്കുന്നതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. 

എന്നാല്‍ ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ചൈന മുന്നോട്ടുപോകുകയായിരുന്നു. ഗ്വാദാര്‍ തുറമുഖത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് ചൈന വ്യക്തമാക്കുന്നുണ്ടെങ്കിലും അറബിക്കടലിലെ മറ്റ് തന്ത്രപ്രധാന തുറമുഖങ്ങളെ ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ഏദന്‍ കടലിടുക്കില്‍ ചൈന നിര്‍മ്മിക്കുന്ന സൈനിക താവളത്തെക്കുറിച്ചും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്. 2016 ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങിയ സൈനിക താവളം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയായേക്കും. ഇതോടെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കടല്‍പ്പാതകളിലൊന്നായ ഇവിടം ചൈനീസ് പട്ടാളത്തിന്റെ നിയന്ത്രണത്തിലാലേക്കുമെന്നും പെന്റഗണ്‍ റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. 

ഇവയ്ക്ക് പുറമേ ചൈനീസ് പടക്കപ്പലുകള്‍ സ്ഥിരമായി വിദേശ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതും വര്‍ദ്ധിച്ചുവരുന്ന അവരുടെ സൈനിക വ്യപനത്തെത്തെ വ്യക്തമാക്കുന്നു. സന്നദ്ധത അറിയിക്കുന്ന രാജ്യങ്ങളില്‍ ചൈനീസ് പട്ടാളം അവരുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ച് വരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.