ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ സൈന്യം, ആധുനിക യുദ്ധോപകരണങ്ങളും സൈനിക സംവിധാനങ്ങളും സ്വന്തമായുള്ള രാജ്യം ഇതാണ് ചൈനയെപ്പറ്റിയുള്ള പൊതുവായ ധാരണ. ഇത്രയധികം സൈനിക സംവിധാനങ്ങള്‍ ഉള്ള ചൈനയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു അമേരിക്കയോ ഇന്ത്യയോ ഒന്നുമല്ല, കൊതുകുകളാണ്. അമ്പരക്കേണ്ടതില്ല, സത്യമാണ്. കൊതുകകളെ നേരിടാന്‍ അത്യാധുനിക റഡാര്‍ തന്നെ ചൈന തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊതുകള്‍ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങുകയാണ് അവര്‍. ഇതിനായാണ് റഡാര്‍ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ചൈനീസ് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് റഡാര്‍ നിര്‍മിക്കുന്നത്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു കൊതുകിന്റെ ലിംഗം, പറക്കുന്ന വേഗത, ഏത് വിഭാഗത്തില്‍ പെടുന്നു തുടങ്ങിയ മിക്ക വിവരങ്ങളും കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്ന റഡാറാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മിസൈല്‍ ആക്രമണങ്ങള്‍ തടയാന്‍ ഉപയോഗിക്കുന്ന അതേ സങ്കേതത്തിന്റെ കൂടുതല്‍ വിശാലവും കൃത്യവുമാര്‍ന്ന സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. നിലവില്‍ ഇതിന്റെ പ്രോടോടൈപ്പ് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. കൊതുകുകളെ കണ്ടെത്തുക, അവയെ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളെ ഉദ്ദേശിച്ചാണ് പുതിയ റഡാര്‍ പരീക്ഷണം നടക്കുന്നത്.
ലോകത്താകമാനം കൊതുകുകള്‍ വഴി മാരകമായ പലരോഗങ്ങളും ബാധിച്ച് നിരവധി ആളുകളാണ് മരിച്ചിട്ടുള്ളത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ അധികമാണ് കൊതുകുകള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നറിയുമ്പോള്‍ ചൈനയുടെ പരിശ്രമത്തിന്റെ വില മനസിലാക്കാം. റഡാര്‍ യാഥാര്‍ഥ്യമായാല്‍ കൊതുകുകള്‍ക്കെതിരായ പോരാട്ടത്തില്‍ വലിയ മാറ്റമാകും ഉണ്ടാകുക. നിലവില്‍ 1.29 കോടി ഡോളറാണ് റഡാറിനായി ചിലവഴിച്ചിരിക്കുന്നത്.
കൊതുകകളുടെ വകഭേദങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി രോഗങ്ങള്‍ പടരുന്നത് അടക്കമുള്ളവ തടയുക എന്ന വലിയ ലക്ഷ്യമാണ് ഈ രംഗത്തെ ഗവേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്
Content Highlightl: China, mosquitoes, Military Radar