ബെയ്ജിങ്: ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രസാങ്കേതിക വിദഗ്ദരെ അവഗണിച്ചതിലൂടെ ചൈന വലിയ ബുദ്ധിമോശമാണ് കാണിച്ചതെന്ന് ചൈനീസ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശം. പുതുമകളും കണ്ടുപിടുത്തങ്ങളും നിലനിര്‍ത്താന്‍  ചൈനയെന്ന കമ്മ്യൂണിസ്റ്റ് രാജ്യം ഇന്ത്യയില്‍ നിന്നുള്ള ഹൈടെക് പ്രതിഭകളെ ഉപയോഗപ്പെടുത്തേണ്ടതായിരുന്നുവെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ പ്രതിഭകളെ അവഗണിച്ച് പകരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ളവര്‍ക്ക് അമിത പ്രാധാന്യവും സ്വീകാര്യതയും ചൈന നല്‍കിയെന്നും പത്രം കുറ്റപ്പെടുത്തുന്നു.

ഇന്ത്യയെ കുറിച്ചും ഇന്ത്യയുമായി ബന്ധപ്പെട്ടും എന്നും വിമര്‍ശന സ്വഭാവമുള്ള ലേഖനങ്ങള്‍ ഇന്നോളം എഴുതിയിട്ടുള്ള പത്രമാണ് സ്വയം വിമര്‍ശനമെന്നോണം ഇന്ത്യന്‍ പ്രതിഭകളെ അംഗീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയ്ക്ക് ചൈനയില്‍ നിന്നുള്ള പ്രതിഭകള്‍ മാത്രം മതിയാവില്ലെന്നതു കൊണ്ടു തന്നെ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് പോലെ ഇന്ത്യന്‍ ടെക് പ്രതിഭകളെ ഉള്‍കൊള്ളിക്കണമെന്നാണ് ഗ്ലോബൽ ടൈംസ് ചൈനീസ് സര്‍ക്കാരിന് നല്‍കുന്ന ഉപദേശം.

മാത്രമല്ല തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയറേക്കാള്‍ ശമ്പളം ചൈനീസ് തൊഴിലാളിക്ക് നല്‍കുന്നുണ്ടെന്ന നിരീക്ഷണവും പത്രം നടത്തുന്നു.