വാഷിങ്ടണ്‍: ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപം ചൈന അറുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ മോശം പെരുമാറ്റത്തേയും ചൈന ഉയര്‍ത്തുന്ന ഭീഷണിയേയും കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു പോംപിയോ. ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ടോക്കിയോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ പോംപിയോ ദ ഗൈ ബെന്‍സണ്‍ ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാല് പ്രമുഖ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് (Quad Countries). കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖാപ്രദേശത്തും ഇന്തോ-പസഫിസ്, ചൈനാ സമുദ്രം എന്നിവിടങ്ങളിലും ചൈന നടത്തുന്ന സൈനിക അധിനിവേശങ്ങള്‍ക്കിടെയാണ് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ രണ്ടാമത്തെ കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നത്. 

അതിര്‍ത്തി മേഖലയില്‍ വന്‍തോതിലുള്ള ചൈനീസ് സൈനി കവിന്യാസത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും ക്വാഡ് രാജ്യങ്ങളെല്ലാം ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടുകയാണെന്നും പോംപിയോ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലും ആഗോളതലത്തിലും സമാധാനം, ക്ഷേമം, സുരക്ഷ എന്നിവയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പോംപിയോയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ ഇരുവരും ഊന്നിപ്പറഞ്ഞു. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച ഫലപ്രദം എന്നാണ് പോംപിയോ വിശേഷിപ്പിച്ചത്. 

പതിറ്റാണ്ടുകളോളം തങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങള്‍ അനുവദിച്ചതായി ക്വാഡ് രാജ്യങ്ങളിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായി പോംപിയോ പറഞ്ഞു. യുഎസിലെ മുന്‍ ഭരണകൂടം ചൈനയ്ക്ക് മുമ്പില്‍ തലകുനിച്ച് നില്‍ക്കുകയായിരുന്നുവെന്നും രാജ്യത്തെ ഭൗതികസ്വത്തുള്‍പ്പെടെയുള്ളവയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും തട്ടിയെടുക്കാന്‍ ചൈനയ്ക്ക് അനുമതി നല്‍കിയതായും പോംപിയോ ആരോപിച്ചു. 

ചൈനയില്‍ നിന്ന് നേടിടേണ്ടി വരുന്ന ഭീഷണികളെ ഒത്തൊരുമിച്ച് നേരിടാന്‍ ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി പരസ്പരധാരണയിലെത്തിയതായും ചൈനയ്‌ക്കെതിരെയുള്ള പ്രവര്‍ത്തന നയങ്ങള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചതായും പോംപിയോ മറ്റൊരഭിമുഖത്തില്‍ വ്യക്തമാക്കി. ചൈനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് ക്വാഡ് രാജ്യങ്ങള്‍ക്ക് യുഎസിന്റെ സഖ്യം അനിവാര്യമാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ചൈന നടത്തുന്ന സൈനിക വിന്യാസങ്ങളിലൂടെ ചൈനയുടെ ഭീഷണി നേരിട്ട് മനസിലാക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ചൈനയാണ് വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്നും അതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നു. ചൈനയ്‌ക്കെതിരെയുള്ള വികാരം രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാകുന്നു എന്നതിന്റെ സൂചനയാണിതെന്നും പോംപിയോ പറഞ്ഞു. 

ഇന്തോ-പസഫിക് മേഖലയില്‍ ജപ്പാന്‍, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇന്ത്യ-ചൈന സംഘര്‍ത്തിനിടെ ഇന്ത്യയുടെ പക്ഷം പിടിച്ച് യുഎസ് രംഗത്തെത്തിയത് ചൈനീസ് അധിനിവേശത്തെ ശക്തമായി നേരിടാനുള്ള ഒരുക്കമായാണ് പല രാജ്യങ്ങളും കാണുന്നത്.  

 

 

Content Highlights: China Has Deployed 60,000 Soldiers On India's Northern Border Said Mike Pompeo In An Interview