ന്യൂയോര്‍ക്ക്:  യുഎന്നിന് നല്‍കാനുള്ള വിഹിതം എല്ലാ അംഗരാജ്യങ്ങളും കൊടുത്ത് തീര്‍ക്കണമെന്ന് ചൈന. അമേരിക്കയെ പരോക്ഷമായി കുത്തിക്കൊണ്ടാണ് ചൈനയുടെ പരാമര്‍ശം.  

മെയ് 14 ലെ കണക്കുകള്‍ പ്രകാരം യുഎന്‍ ബജറ്റിലെ 163 കോടി ഡോളറും സമാധാന ദൗത്യത്തിനായി ചിലവാകുന്ന 214 കോടി ഡോളറും ബാധ്യതയായി നിലനില്‍ക്കുകയാണെന്ന്  ചൈന പറയുന്നു. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമേരിക്ക ഈ ഇനത്തില്‍ യുഎന്നിന് നല്‍കാനുള്ള തുക കോടികളാണെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. യു.എന്‍. ബജറ്റിലേക്ക് നല്‍കേണ്ട വിഹിതം 116.5 കോടി ഡോളര്‍ അമേരിക്ക കൊടുത്ത് തീര്‍ത്തിട്ടില്ല. മാത്രമല്ല സമാധാന ദൗത്യത്തിനായി നല്‍കേണ്ട 133.2 കോടി ഡോളറും അമേരിക്ക കൈമാറിയിട്ടില്ല. 

യുഎന്നിന്റെ ആകെ ചിലവിന്റെ 22 ശതമാനം അമേരിക്കയുടെ സംഭാവനയാണ്. ഏകദേശം 300 കോടി ഡോളറാണ് അമേരിക്ക വര്‍ഷാ വര്‍ഷം ബജറ്റ് വിഹിതമായി യുഎന്നിന് നല്‍കേണ്ടത്. യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ക്കാണ്‌ 600 കോടി ഡോളറും അമേരിക്ക എല്ലാ വര്‍ഷവും നല്‍കണം. എന്നാല്‍ അമേരിക്ക കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുക പൂര്‍ണമായും നല്‍കാറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ കുറ്റപ്പെടുത്തല്‍.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്കിടെയാണ് ചൈനയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ കോവിഡ് വ്യാപനം തടയുന്നതിലുണ്ടായ പരാജയം മറച്ചുവെക്കുന്നതിനായി ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നാണ് അമേരിക്ക പ്രതികരിച്ചത്.

സമാധാന ദൗത്യങ്ങള്‍ക്ക് വേണ്ടി മാത്രം 72.6 കോടി ഡോളര്‍ യുഎന്നിന് തങ്ങള്‍ കൈമാറിയെന്നും ബാക്കി തുക വര്‍ഷാവസാനത്തോടെ കൊടുത്തുതീര്‍ക്കുമെന്നും അമേരിക്കയുടെ പ്രതിനിധി അറിയിച്ചു. 88.8 കോടി ഡോളര്‍ മാത്രമാണ് ഇതില്‍ കുടിശ്ശികയായി ഉള്ളത്. 2017 മുതല്‍ 25 ശതമാനം വിഹിതം തങ്ങള്‍ അടയ്ക്കുന്നുണ്ടെന്നും അമേരിക്ക അറിയിച്ചു.

193 അംഗ രാജ്യങ്ങളില്‍ ചൈനയുള്‍പ്പെടെ 50 രാജ്യങ്ങള്‍ മാത്രമാണ് യുഎന്നിന് നല്‍കേണ്ട മുഴുവന്‍ തുകയും അടച്ചു തീര്‍ത്തത്. അമേരിക്ക കഴിഞ്ഞാല്‍ യുഎന്നിന് എറ്റവുമധികം വിഹിതം നല്‍കുന്ന രാജ്യം ചൈനയാണ്. യുഎന്നിന്റെ ബജറ്റിന്റെ 12 ശതമാനവും സമാധാന ദൗത്യങ്ങളുടെ 15 ശതമാനവും വിഹിതം ചൈനയാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയുടെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. 

Content Highlights: China Calls On US To Pay Its Debts To The United Nations