Photo - AFP
ബെയ്ജിങ്: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളില്‍ കൊറോണവാക് കോവിഡ് 19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്സിന് കുത്തിവെക്കേണ്ടത് എന്നകാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്സിന് മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്മാന് യിന് വെയ്ഡോങ് ടെലിവിഷന്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സന്‍ ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. രണ്ടാമത്തെ വാക്സിന് ചൈനയുടെ വാക്സിന് നയതന്ത്രം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
76.3 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ ഇതുവരെ രാജ്യത്തുടനീളം കുത്തിവച്ചുവെന്നാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് ഞായറാഴ്ച വ്യക്തമാക്കിയത്. അഞ്ച് വാക്സിനുകള്‍ക്ക് ചൈന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള യജ്ഞത്തിലേക്ക് ഒരു കോടി ഡോസ് വാക്സിനുകള്‍ നല്‍കാമെന്ന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.
Content Highlights: China authorises CoronaVac COVID vaccine for children above 3 years old
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..