ബെയ്ജിങ്: ചൈനയില്‍ പ്രശസ്ത പിയാനിസ്റ്റിനെ വ്യഭിചാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ അച്ചടക്ക നയത്തെിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ മറ്റ് സിനിമ- വിനോദ മേഖലയിലെ പ്രമുഖര്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശസ്ത പിയാനിസ്റ്റായ ലീ യുന്‍ഡിയാണ് ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം പിടിയിലായതെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ദ് പീപ്പിള്‍സ് ഡെയ്‌ലി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

സിനിമ-വിനോദ മേഖലകളിലെ ചില പ്രമുഖര്‍ സാമൂഹിക ധാര്‍മികതയെയും ചൈനീസ് നിയമങ്ങളെയും വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ചൈനീസ് മാധ്യമമായ സി.സി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായ പിയാനിസ്റ്റിനെ തങ്ങളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ചൈനീസ് മ്യുസിഷ്യന്‍സ് അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു. 

ചൈനീസ് വര്‍ധിച്ചു വരുന്ന സെലിബ്രിറ്റി സംസ്‌കാരത്തിന് തടയിടാനായി ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. വിനോദ മേഖലയില്‍ സമ്പൂര്‍ണ ശുദ്ധീകരണം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം.

Content Highlights: China Arrests Star Pianist With Sex Worker, Warns Celebrities