പ്രതീകാത്മക ചിത്രം | Photo: AFP
ബെയ്ജിങ്: 100 കോടിയിലധികം ഡോസ് കോവിഡ് വാക്സിന് കുത്തിവെപ്പുകള്‍ നടത്തി വാക്സിനേഷന് ദൗത്യത്തില്‍ സുപ്രധാന വഴിത്തിരിവ് പിന്നിട്ട് ചൈന. ശനിയാഴ്ച വരെ ചൈനയില്‍ കോവിഡ് വാക്സിന്റെ 1,01,04,89,000 ഡോസുകളാണ് കുത്തിവച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് (എന്എച്ച്സി) പ്രസ്താവനയില്‍ അറിയിച്ചു.
ലോകം മുഴുവന്‍ ഇതുവരെ കുത്തിവെക്കപ്പെട്ടത് കോവിഡ് വാക്സിന്റെ 250 കോടി ഡോസുകളാണ്. ഇതിന്റെ 40 ശതമാനം കുത്തിവെപ്പുകളാണ് ചൈനയില്‍ മാത്രം നടത്തിയത്. ഇതില്‍ 10 കോടി ഡോസുകള്‍ ശനിയാഴ്ചയ്ക്ക് മുമ്പുള്ള അഞ്ച് ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്ന് എന്എച്ച്സിയെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും 100 കോടി ഡോസുകള്‍ എന്ന വഴിത്തിരിവ് പിന്നിടാന്‍ കഴിഞ്ഞത് ചൈനയെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. 10 ലക്ഷം ഡോസുകള്‍ എന്ന നേട്ടം ചൈന കൈവരിച്ചത് മാര്‍ച്ച് 27 നാണ്. അമേരിക്ക ഈ നേട്ടം കൈവരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷം. എന്നാല്‍ മെയ് മാസത്തോടെ ചൈനയുടെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. 50 കോടി ഡോസുകളാണ് കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയത്.
25 ദിവസം കൊണ്ടാണ് ചൈന 10 കോടി ഡോസുകളില്നിന്ന് 20 കോടി ഡോസുകളിലേക്ക് എത്തിയത്. 16 ദിവസം കൊണ്ട് 20 കോടിയില്‍നിന്ന് 30 കോടിയിലെത്തി. 80 കോടിയില്‍നിന്ന് 90 കോടിയിലെത്താന്‍ എടുത്തത് ആറ് ദിവസം മാത്രമാണ്. വൈറസ് വ്യാപനത്തെ ചൈന വിജയകരമായി നിയന്ത്രിച്ചുവെങ്കിലും പല സ്ഥലത്തും പ്രാദേശികമായി രോഗവ്യാപനം ഉണ്ടായത് കണക്കിലെടുത്താണ് വാക്സിനേഷന് വേഗത്തിലാക്കിയതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. 18 വയസിന് താഴെയുള്ളവരിലും ചൈന വാക്സിന് കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. സിനോഫാം, സിനോവാക് വാക്സിനുകളാണ് ചൈന കൗമാരക്കാരില്‍ കുത്തിവെക്കുന്നത്.
വാക്സിന് എടുക്കാന്‍ വിസമ്മതിക്കുന്നവരെ കൈകാര്യം ചെയ്യാനും ചൈനയില്‍ ശക്തമായ സംവിധാനങ്ങളുണ്ടെന്ന് സിഎന്എന്എന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി സംവിധാനവും ഉദ്യോഗസ്ഥരുമെല്ലാം അതിനായി രംഗത്തുണ്ട്.
Content Highlights: China administered more than 1 billion COVID vaccine dosses - NHC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..