കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പങ്കുവെച്ച ചിത്രം | Photo: https://twitter.com/petrogustavo
ബൊഗോട്ട്: ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത് ദിവസത്തിന് ശേഷമാണ് കുട്ടികളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരുവയസ്സുള്ള കുട്ടിയെ അടക്കമാണ് കൊളംബിയൻ സൈന്യം ഉൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യത്തിൽ കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിൽ അറിയിച്ചത്.
'രാജ്യത്തിനാകെ സന്തോഷം നൽകുന്ന കാര്യം! നാല്പത് ദിവസം മുമ്പ് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു' - പെട്രോ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തകർ കുട്ടികൾക്കൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന-206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോൺ വനാന്തരഭാഗത്ത് തകർന്നുവീണത്. കുട്ടികളുടെ അമ്മയും പൈലറ്റുമുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഹ്യൂട്ടോട്ടോ വാസികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ട 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികളാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കാട്ടിലൂടെ സഞ്ചരിച്ചത്. 11 മാസം പ്രായമുള്ള ക്രിസ്റ്റിൻ എന്ന പിഞ്ചു കുഞ്ഞ് ലെസ്‍ലി (13), സൊളേമി (9), ടിൻ നൊറിൽ (4) എന്നിവരേയാണ് സംഘം നാല്പത് ദിവസത്തിന് ശേഷം കണ്ടെത്തിയത്.
'കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. അവരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാൻ വേണ്ടി ഹെലികോപ്റ്റർ അല്ലെങ്കിൽ വിമാനം ആവശ്യമുണ്ട്'- കുട്ടികളുടെ മുത്തശ്ശൻ ഫിഡെൻഷ്യോ വലെൻസിയ എ.എഫ്.പി.യോട് പറഞ്ഞു.
കുട്ടികൾ കാട്ടിലകപ്പെട്ട് രണ്ടാഴ്ചക്കുള്ളിൽ, രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തി എന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. കൊളംബിയൻ പ്രസിഡന്റ് തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. എന്നാൽ പിന്നീട് ഇത് തെറ്റായ വിവരമായിരുന്നു എന്ന് അദ്ദേഹം തിരുത്തിയിരുന്നു.
Content Highlights: Children Lost In Amazon Forest After Plane Crash Found Alive After 40 Days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..