ജനീവ : കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നല്‍കി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ 12 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കുന്നത്.

നിര്‍ദേശങ്ങള്‍ ഇവയാണ്

  • രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  • കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ ആറിനും 11നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  • സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. 

ലോകാരോഗ്യസംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ലോകത്താകെ 2.3 കോടി ജനങ്ങള്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ രോഗബാധിതരായുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലക്ഷണമില്ലാത്ത രോഗികളാണ് രോഗ ബാധിതരില്‍ കൂടുതലും എന്നുള്ളതുകൊണ്ടാണ് ഈ സാധ്യത നിലനില്‍ക്കുന്നത്.

content highlights: Children aged 12 and above should wear mask, says WHO