പാകിസ്താനിലെ അധികാരമാറ്റം ഇന്ത്യക്ക് ഗുണകരമായേക്കും


പ്രധാനമന്ത്രി മോദിയുമായി അടുപ്പം സൂക്ഷിച്ചിട്ടുള്ള ആളും ഇന്ത്യ - പാക് ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള ആളുമാണ് നവാസ് ഷെരീഫ്. പിഎംല്‍- എന്നിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം നവാസ് ഷെരീഫിന്റെ സ്വാധീനമുണ്ടാകും.

ബിലാവൽ ഭൂട്ടോ, ഷഹബാസ് ഷെരീഫ് എന്നിവർ മാധ്യമങ്ങളോട് സംസാരിക്കുന്നു. Photo - AFP

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: അധികാരം നഷ്ടപ്പെടുന്നതിന് തൊട്ടുമുന്‍പുപോലും ഇന്ത്യയുടെ പരമാധികാരത്തെയും വിദേശനയത്തെയും പുകഴ്ത്താന്‍ ഇമ്രാന്‍ ഖാന്‍ മറന്നില്ല. ശനിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ, ഇന്ത്യ ആത്മാഭിമാനമുള്ള രാജ്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

പക്ഷേ, മൂന്നരവര്‍ഷം നീണ്ട ഇമ്രാന്റെ ഭരണകാലം ഇന്ത്യ-പാക് ബന്ധത്തിന് ഒട്ടും സുഖകരമായിരുന്നില്ല. ഇമ്രാന്‍ ഖാന്റെ സ്ഥാനത്തേക്ക് പുതിയൊരാള്‍ വരാന്‍ സാധ്യത തുറന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്ര വിദഗ്ധര്‍ ജാഗ്രതയിലാണ്.

നവാസിന്റെ തുടര്‍ച്ച

പാകിസ്താന്‍ മുസ്ലിംലീഗ് (നവാസ്) പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ ലണ്ടനിലാണ് താമസമെങ്കിലും പി.എം.എല്‍-എന്നിന്റെ പ്രധാന തീരുമാനങ്ങളിലൊക്കെ നവാസ് ഷരീഫിന്റെ സ്വാധീനമുണ്ട്.

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള ആളാണ് നവാസ് ഷെരീഫ്. മാത്രമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പം സൂക്ഷിച്ചിട്ടുമുണ്ട്. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതതന്ത്ര ചര്‍ച്ചകള്‍ കാര്യക്ഷമമാക്കാമെന്ന പ്രതീക്ഷ നല്‍കുന്നു.

ഇമ്രാന്‍ സര്‍ക്കാരിന് ഇന്ത്യയുടെ കാര്യത്തില്‍ നയം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കശ്മീരിന്റെ പ്രത്യേക പദവി എളുപ്പത്തില്‍ പിന്‍വലിക്കാന്‍ ഇന്ത്യക്ക് സാധിച്ചത്. ഇന്ത്യ-പാക് ബന്ധത്തില്‍ ഷഹബാസ് സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടായിരിക്കുമെന്നാണ് പി.എം.എല്‍.-എന്‍. നേതാവ് സമിയുള്ളഖാന്‍ പ്രതികരിച്ചത്.

സ്ഥിരം ചര്‍ച്ച

പാകിസ്താനില്‍ ഓരോതവണ ഭരണം മാറുമ്പോഴും ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയാകാറുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ ഇമ്രാന്‍ ഖാനും ഏറെ പ്രതീക്ഷകള്‍ തന്നു. പക്ഷേ, 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം എല്ലാം തകിടം മറിച്ചു. 40 ജവാന്മാരുടെ ജീവന് പകരമായി പാക് അധീന കശ്മീരിലെ ബാലാകോട്ടിലെ ഭീകരവാദി ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ-പാക് ബന്ധത്തിലെ തടസ്സം ആര്‍.എസ്.എസ്. ആണെന്ന ആരോപണം അവശേഷിപ്പിച്ചാണ് ഇമ്രാന്‍ പടിയിറങ്ങിയത്. പുതിയ സര്‍ക്കാരിനും ഇതേ നയമാണോ എന്നത് ഇന്ത്യയിലെ ബി.ജെ.പി. സര്‍ക്കാരിന്റെ നിലപാടിനെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

ഷഹബാസ് ഷരീഫ് എന്ന പ്രായോഗികവാദി

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിപദത്തിലേക്കുള്ള ഒന്നാംപേരുകാരന്‍ ഷഹബാസ് ഷരീഫ് കടുത്ത പ്രായോഗിക വാദിയായാണ് അറിയപ്പെടുന്നത്. മൂന്നുതവണ പാകിസ്താന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ ഇളയസഹോദരനാണ് ഷഹബാസ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് മൂന്നു തവണയെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

1951 സെപ്റ്റംബറില്‍ ലഹോറിലെ കശ്മീരി കുടുംബത്തിലാണ് ഷഹബാസ് ജനിച്ചത്. 1980-ല്‍ സഹോദരന്‍ നവാസിനൊപ്പമായിരുന്നു രാഷ്ട്രീയപ്രവേശം. 1988-ല്‍ നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കേ ഷഹബാസ് പ്രവിശ്യ സഭയില്‍ അംഗമായി.

1997-ല്‍ നവാസ് പാകിസ്താന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഷഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായി. 1999-ല്‍ സൈനികമേധാവി പര്‍വെസ് മുഷറഫ് നടത്തിയ സൈനിക അട്ടിമറിയില്‍ നവാസ് സര്‍ക്കാരിന് അധികാരം നഷ്ടമായപ്പോള്‍ ഷഹബാസും കുടുംബവും രാജ്യംവിട്ടു. എട്ടുവര്‍ഷം സൗദി അറേബ്യയില്‍ കഴിഞ്ഞു. 2007-ല്‍ പാകിസ്താനില്‍ തിരിച്ചെത്തി. 2008-ല്‍ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് രണ്ടാമൂഴം. 2013-ലും അധികാരം നിലനിര്‍ത്തി.

2017-ല്‍ പാനമ വിവാദത്തില്‍ നവാസ് ഷരീഫ് അയോഗ്യനാക്കപ്പെട്ടതോടെ പാകിസ്താന്‍ മുസ്ലിംലീഗ് നവാസ് പാര്‍ട്ടി പ്രസിഡന്റുസ്ഥാനം ഷഹബാസ് ഏറ്റെടുത്തു. 2018-ലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ വിജയത്തോടെ അദ്ദേഹം ദേശീയസഭയിലെ പ്രതിപക്ഷനേതാവായി. 2020 ഒക്ടോബറില്‍ കള്ളപ്പണം വെളുപ്പിച്ചതിനും അനധികൃത സ്വത്ത് സമ്പാദിച്ചതിനും ഷഹബാസ് അറസ്റ്റിലായി. മാസങ്ങള്‍ക്കുശേഷം ജാമ്യം ലഭിച്ചതോടെ അദ്ദേഹം പുറത്തിറങ്ങി. കേസിലെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Content Highlights: India - Pakistan Imran Khan Shehbaz Sharief

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented