ഇഗ്വാന ഐലൻഡ് | Photo : privateislandsonline
മുംബൈനഗരത്തില്‍ മൂന്ന് ബെഡ്റൂമുള്ള വീട് വാങ്ങാനുള്ള തുകയ്ക്ക് ഒരു ദ്വീപ് വാങ്ങാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? അങ്ങ് അമേരിക്കയിലാണെന്ന് മാത്രം. മധ്യഅമേരിക്കയിലെ നിക്കരാഗ്വ ബ്ലൂഫീല്‍ഡില്‍ നിന്ന് വെറും 19.5 കിലോമീറ്റര്‍ അകല സ്ഥിതിചെയ്യുന്ന ഇഗ്വാന ഐലന്‍ഡാണ് 3,76,627 പൗണ്ടിന് (3.76 കോടി രൂപ) വില്‍ക്കുന്നതെന്ന് യുകെ മാധ്യമം മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ചേക്കര്‍ ഭൂവിസ്തൃതിയുള്ള സ്വകാര്യദ്വീപ് വാഴകളും തെങ്ങുകളും നിറഞ്ഞതാണ്. മൂന്ന് കിടപ്പുമുറികളും രണ്ട് കുളിമുറികളുമുള്ള വീടും ദ്വീപിലുണ്ട്. വീടിനുചുറ്റും വരാന്ത, ഭക്ഷണമുറി, ബാര്‍, ലിവിങ് ഏരിയ എന്നിവയുമുണ്ട്. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ദ്വീപിന്റെ മറുഭാഗത്ത് താമസസൗകര്യവുമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ നീന്തല്‍ക്കുളം നിര്‍മിക്കാനുള്ള സൗകര്യവും വീട്ടിലുണ്ട്. റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ പ്രൈവറ്റ് ഐലന്‍ഡ് ഇന്കോര്പറേഷനിലാണ് ഇഗ്വാനയിലെ സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളുള്ളത്.
ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തായി ചൂണ്ടയിടുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈഫൈ, ഫോണ്‍- ടിവി സിഗ്നലുകള്‍ ദ്വീപില്‍ ലഭിക്കും. ദീര്‍ഘകാലമായി ദ്വീപില്‍ പ്രവര്‍ത്തിച്ചുവരുന്ന മാനേജര്‍, കെയര്‍ടേക്കര്‍മാര്‍ എന്നിവരടങ്ങിയ സംഘം ഇഗ്വാനയുടെ പുതിയ ഉടമസ്ഥര്‍ക്കായി സേവനസന്നദ്ധരായി കാത്തിരിക്കുകയാണ്.
ഏതു ദിക്കില്‍ നിന്ന് നോക്കിയാലും നാലുപാടും നീലയും പച്ചയും നിറമിടകലര്ന്ന ജലപ്പരപ്പ്, അതിമനോഹരമായ സൂര്യോദയവും... അസ്തമയവും-ദ്വീപിനെ വര്ണനാതീതമാക്കുന്ന മറ്റു ഘടകങ്ങളും പ്രൈവറ്റ് ഐലന്‍ഡ് ഇന്‍കോര്‍പറേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിലെ ഒരംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് നിലവിലെ ഉടമ ദ്വീപ് വില്പനയ്ക്കായി ഒരുങ്ങിയതെന്നും വെബ്സൈറ്റില്‍ പറയുന്നു.
Content Highlights: Iguana Island, Central America, On Sale For Rupees 3.7 Crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..