ബാങ്കോക്ക്: തായ് ഗുഹയിലെ ഇരുട്ടില്‍ പതിനെട്ട് ദിവസം കഴിച്ച് കൂട്ടിയതിന് ശേഷം പുറത്തേക്ക് വരുമ്പോള്‍ ഭൂരിഭാഗം കുട്ടികളും നല്ല ഉറക്കമായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമായിരുന്നിരിക്കണം. കാരണം പ്രതിബന്ധങ്ങള്‍ മറിക്കടക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള മനകരുത്ത് ഈ കുട്ടികള്‍ക്ക് ഉണ്ടായിരുന്നിരിക്കില്ല. 

താം ലുവാങ് ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തായി നേവി സീല്‍ പുറത്തുവിട്ടു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നടത്തിയ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മഴ പെയ്തിരുന്നതിനാല്‍ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തന്നെയായിരുന്നു. ഇതിനൊപ്പം ഇരുട്ടും കൂടിയായപ്പോള്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകുകയായിരുന്നു. ചില സ്ഥലങ്ങള്‍ വളരെ ഇടുങ്ങിയതായിരുന്നു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞതുമായിരുന്നു. 

നീന്തിയും നിരങ്ങിയും നാല് കിലോമീറ്ററാണ് കുട്ടികളുമായി ഡൈവര്‍മാര്‍ പിന്നിട്ടത്. ഇവരെ പുറത്തേക്കുള്ള വഴികാട്ടിയത് ഗുഹാമുഖത്തേക്ക് വലിച്ചുകെട്ടിയിരുന്ന കേബിളായിരുന്നു. 


കുട്ടികളെ പുറത്തെത്തിക്കുമ്പോള്‍ വിവിധ പോയന്റുകളില്‍ ഡോക്ടര്‍മാരെ വിന്യസിപ്പിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യനിലയുടെ ഹൃദയമിടിപ്പും ശ്വാസനിലയും പരിശോധിക്കുകയെന്നതായിരുന്നു ഇവരുടെ കര്‍ത്തവ്യം. 

പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ചിലര്‍ അബോധാവസ്ഥയിലായിരുന്നു. ചിലരുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും തായ് നേവി സീല്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. എന്നാല്‍, കുട്ടികള്‍ പേടിക്കാതിരിക്കാന്‍ ഉറക്കി കിടത്തിയാണ് കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. 

രക്ഷപെടുത്തിയ 12 കുട്ടികളെയും കോച്ചിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പകര്‍ച്ച വ്യാധികളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടോയെന്ന് അറിയുന്നതിനാണ് ഇവരെ ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.